കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന കടൽ മണൽ ഖനനം അംഗീകരിക്കാനാവാത്തത്: കെസിബിസി ജാഗ്രത കമ്മീഷൻ


ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്‌ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോർപ്പറേറ്റുകൾക്ക് കടൽ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്. കടലിന്റെ സ്വാഭാവികതയ്ക്ക് തുരംഗം വയ്ക്കുന്ന ഇത്തരം പദ്ധതികൾ പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങൾ പരിഗണനയ്ക്ക് പോലുമെടുക്കുന്നതല്ലാതിരിക്കെ, ബ്ലൂ ഇക്കോണമി എന്ന അന്താരാഷ്ട്ര സുസ്ഥിര വികസന പദ്ധതിയെന്ന ആശയത്തെ തൽക്കാല കാര്യലാഭത്തിനുവേണ്ടി ദുർവ്യാഖ്യാനം ചെയ്ത് ദുരുപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവുന്നതല്ല. സമുദ്രത്തിലെ വർധിത ചൂഷണം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കിയിരുന്ന സാഹചര്യത്തിൽ, സമുദ്രത്തിന്റെ ആരോഗ്യവും പ്രതിരോധ ശേഷിയും സംരക്ഷിച്ചുകൊണ്ടുള്ള വരുമാന സമ്പാദനമെന്ന ആശയമാണ് ഐക്യരാഷ്ട്ര സഭയുടെ 2012 ലെ റിയോ ഉച്ചകോടി അംഗീകരിച്ച ബ്ലൂ ഇക്കോണമി എങ്കിൽ, കേന്ദ്ര സർക്കാർ 2021 ഫെബ്രുവരി 17 ന് പുറത്തിറക്കിയ കരട് നയരേഖ ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങൾക്ക് കടകവിരുദ്ധമായിരുന്നു. ആ കരട് നയരേഖയ്ക്ക് മേൽ ശരിയായ വിധത്തിലുള്ള ആശയസ്വരൂപണത്തിന് പോലും സാവകാശം നൽകാതെ 2023 ഓഗസ്റ്റിലെ പാർലമെന്റ് സമ്മേളനത്തിൽ അത് പാസാക്കുകയുമുണ്ടായി. അതിനെ തുടർന്ന് ആദ്യ ഘട്ടമെന്ന വിധത്തിലാണ് ഇപ്പോൾ സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ കടൽ മണൽ ഖനനം ആരംഭിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും എന്നുള്ളത് നിസ്തർക്കമാണ്. കടലിലുണ്ടാകുന്ന മാറ്റങ്ങൾ കരയെയും തീരദേശങ്ങളിൽ അധിവസിക്കുന്നവരെയും മാത്രമല്ല, ഭൂമിയുടെ സന്തുലിതാവസ്ഥയെത്തന്നെ വളരെ ദോഷകരമായി ബാധിക്കുമെന്നതിന് ഉദാഹരണങ്ങൾ വളരെയേറെയുണ്ട്. ഇത്തരം അശാസ്ത്രീയ നീക്കങ്ങൾക്ക് തടയിടാനാണ് 1994 ൽ ആദ്യമായി ബ്ലൂ ഇക്കോണമി എന്ന ആശയം അവതരിപ്പിക്കപ്പെട്ടതു തന്നെ. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ലോകം മുഴുവൻ ഗൗരവമായി ചിന്തിക്കുന്ന ഒരു വലിയ ഭീഷണിയെ നിസാരവൽക്കരിച്ചുകൊണ്ട് ഇന്ത്യൻ ഗവണ്മെന്റ് പഴയ കാലഘട്ടത്തിലേക്ക് തിരികെ പോകാൻ ഒരുങ്ങുന്നത് ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയ്ക്ക് അപമാനകരമാണ്. കടുത്ത അതിജീവന പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ, കടലാക്രമണം, കടലേറ്റം, തീരശോഷണം മുതലായ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന തീരദേശവാസികൾ, കടലിന്റെ സ്വാഭാവിക പരിസ്ഥിതിയിൽ കഴിയുന്ന അസംഖ്യം ജീവിവർഗ്ഗങ്ങൾ തുടങ്ങി കാലാവസ്ഥാ മാറ്റം സംബന്ധിച്ച് കടുത്ത പ്രതിസന്ധികൾ നേരിടുന്ന മുഴുവൻ ജനതയും വരെ ഇത്തരമൊരു നീക്കത്തിന് വലിയ വില കൊടുക്കേണ്ടതായി വരും. അതിനാൽ, അശാസ്ത്രീയമായ ഈ നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ നിരുപാധികം പിൻവാങ്ങുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. കടുത്ത അതിജീവന പ്രതിസന്ധികൾ മുന്നിൽ കണ്ടുകൊണ്ട് സമരത്തിനിറങ്ങാൻ നിർബ്ബന്ധിതരായിരിക്കുന്ന തീരദേശവാസികൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നു. ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്(ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ) ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ(വൈസ് ചെയർമാൻമാർ, കെസിബിസി ജാഗ്രത കമ്മീഷൻ)ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)