വികസനം എത്തിനോക്കാതെ ചൊക്രംമുടി മലനിര
കുഞ്ചിത്തണ്ണി: തെളിഞ്ഞ അന്തരീക്ഷത്തില്‍ ഇടുക്കി ഡാമിലെ വെള്ളവും കൊച്ചിയിലെ ലൈറ്റ്‌ഹൗസ് വരെ കാണുന്നതിനുതകുന്ന ഉയരമുള്ള ചൊക്രംമുടി മലനിര വനംവകുപ്പിന്റെ കൈവശത്തിലും നിയന്ത്രണത്തിലുമാണെങ്കിലും ഇവിടെ വികസനം നടക്കുന്നില്ലെന്ന് പരാതി.കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ ഗ്യാപ്പ് റോഡ് ആരംഭിക്കുന്ന സ്‌ഥലത്തുനിന്നും ഒരു കിലോ മീറ്ററോളം ഉയരമാണ് ചൊക്രംമുടിക്കുള്ളത്. ബൈസണ്‍വാലി ചിന്നക്കനാല്‍ പഞ്ചായത്തിലും ഉടുമ്ബന്‍ചോല താലൂക്കിലുമാണ് ചൊക്രംമുടി സ്‌ഥിതിചെയ്യുന്നത്. കടല്‍നിരപ്പില്‍ നിന്നും 7700 അടിയോളം ഉയരമുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരയാണ്.വനംവകുപ്പ് ഈ പ്രദേശം നിയന്ത്രണത്തിലാക്കുന്നതിനു മുമ്പ് പൊട്ടന്‍കാട്, ബൈസണ്‍വാലി പ്രദേശത്തുനിന്നും ഈസ്‌റ്റര്‍ കാലത്തും ദു:ഖവെള്ളിയാഴ്‌ചയും നൂറുകണക്കിനാളുകള്‍ മലകയറാന്‍ എത്തിയിരുന്നു.
അന്ന് ചൊക്രംമുടിമലയില്‍ അപൂര്‍വ്വ ഇനത്തിലുള്ള സസ്യങ്ങളും ആയുര്‍വ്വേദ മരുന്നുകളുമുണ്ടായിരുന്നു. നിരവധി ചിത്രശലഭങ്ങളും വിവിധ തരം പക്ഷികളുമുണ്ടായിരുന്നു. മൂന്നാറിനു സമീപം രാജമലയില്‍ മാത്രം ഉണ്ടായിരുന്ന വരയാടുകളും ചൊക്രംമുടിയിലുണ്ടായിരുന്നു. പഞ്ചപാണ്ഡവര്‍ താമസിച്ചിരുന്നു എന്നു വിശ്വസിക്കുന്ന നിരവധി മുനിയറകള്‍ ചൊക്രംമുടി മലയുടെ താഴ്‌വാരത്ത് മുട്ടുകാടിനു മുകളിലായിട്ടുണ്ട്.
പഞ്ചപാണ്ഡവര്‍ വിശ്രമിച്ചിരുന്നതെന്ന് കരുതുന്ന അന്‍പതോളം ആളുകള്‍ക്ക് ഇരിക്കാന്‍ പറ്റിയ പാറകളും ഇവിടെയുണ്ട്. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ നിന്നും ചൊക്രംമുടിക്ക് കയറുന്ന നടപ്പാതയ്‌ക്കു സമീപത്തുനിന്നും ഉദ്ദേശം 700 മീറ്റര്‍ അകലെയാണ് മലൈക്കള്ളന്‍ തങ്കയ്യ ഒളിച്ചു താമസിച്ചിരുന്നതായി പറയുന്ന ഗുഹയുള്ളത്. ഈ ഗുഹയിലൂടെ തമിഴ്‌നാട്ടിലെത്താന്‍ കഴിയുമെന്ന് പറയുന്നു. വിനോദസഞ്ചാരികള്‍ക്കും ചൊക്രംമുടി കയറാനെത്തുന്നവര്‍ക്കും നയനമനോഹരമായ മഞ്ഞുമൂടിയ താഴ് വരകളും മറ്റുനിരവധി കാഴ്‌ചകളും കാണാന്‍ സാധിക്കും. ഇതിനുള്ള സാഹചര്യം ടൂറിസം വകുപ്പ് ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.