ഗ്രോ വാസുവും സതിയമ്മയും സര്‍ക്കാരിന്റെ ശത്രുക്കള്‍; ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് വി.ഡി സതീശന്‍
മുന്‍ നക്‌സല്‍ നേതാവ് ഗ്രോ വാസുവിനെതിരായ കേസ് രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നിയമസഭ തല്ലിതകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കാമെങ്കില്‍ ഗ്രോ വാസുവിനെതിരായ കേസും പിന്‍വലിച്ചുകൂടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഗ്രോ വാസുവിനെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തി സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കോഴിക്കോട് ജില്ലാ ജയിലിലെത്തിയ പ്രതിപക്ഷ നേതാവ് പത്ത് മിനിറ്റോളം ഗ്രോ വാസുവുമായി സംസാരിച്ചു. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ലഭിക്കാത്ത നീതി തനിക്കും വേണ്ടെന്ന നിലപാട് മുന്‍ നക്‌സല്‍ നേതാവ് ഗ്രോ വാസു വി ഡി സതീശനോടും ആവര്‍ത്തിച്ചു. തനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത് കള്ളകേസാണെന്നും അദ്ദേഹം പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
ഗ്രോ വാസുവില്‍ നിന്ന് കൂടുതല്‍ ഊര്‍ജ്ജം ലഭിച്ചെന്ന് സന്ദര്‍ശന ശേഷം വി ഡി സതീശന്‍ പ്രതികരിച്ചു. ഗ്രോ വാസുവും പുതുപ്പള്ളിയിലെ സതിയമ്മയും സര്‍ക്കാരിന്റെ ശത്രുക്കളായി മാറിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. വിഷയം സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.