ഇന്ത്യ തിരഞ്ഞ ഭീകരനെ അജ്ഞാതർ വെടിവെച്ച് കൊന്നു; അബു കാസിമാണ് കൊല്ലപ്പെട്ടത്
ശ്രീനഗർ : നിരോധിത ഭീകരവാദ സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയിലെ നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊന്നു. പാക് അധീന കശ്മീരിലെ അൽ-ഖുദൂസ് പള്ളിയിൽ പുലർച്ചെ നമസ്കാരം ചെയ്യുന്നതിനിടെയാണ് അജ്ഞാതർ തോക്കുമായെത്തി പോയിന്റ് ബ്ലാങ്കിൽ വെടിയുതിർത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ജനുവരി ഒന്നിലെ ധാൻഗ്രി ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ അബു കാസിമാണ് കൊല്ലപ്പെട്ടത്.
അടുത്തിടെയാണ് ഇയാള്‍ റാവലക്കോട്ടിലേക്ക് മാറിയതെന്നാണ് വിവരം. ലഷ്‌കറെ ത്വയ്ബയുടെ മുഖ്യ കമാൻഡറായ സജ്ജാദ് ജാതിന്റെ അടുത്ത അനുയായിയാണ് ഇയാൾ. സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതും അബു കാസിം ആണെന്ന് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തിൽ അബു കാസിം അടക്കം നേതൃത്വം വഹിച്ച വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് അബു കാസിമിനായുള്ള തിരച്ചിലിലായിരുന്നു ഇന്ത്യൻ സൈന്യം. അതിർത്തിക്ക് പുറത്തു പ്രവർത്തിക്കുന്ന ഉന്നത ഭീകര നേതാക്കളിൽ നാലാമത്തെയാളാണ് ഈ വർഷം കൊല്ലപ്പെടുന്നത്. മാർച്ചിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ ഉന്നത നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊന്നിരുന്നു.