‘പുതുപ്പള്ളിയിലെ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അപ്രതീക്ഷിതമല്ല’; എം എ ബേബി


കൊച്ചി: പുതുപ്പള്ളിയിലെ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അപ്രതീക്ഷിതമല്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. സഹതാപഘടകവും ബിജെപിയുടേതടക്കം ഇടതുപക്ഷ വിരുദ്ധവോട്ടുകളുടെ ഏകീകരണവും പുതുപ്പള്ളിയില്‍ ഉണ്ടായെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു. എല്ലാവിധ വര്‍ഗ്ഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാധ്യമങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിച്ചുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ എം എ ബേബി വിമര്‍ശനം ഉന്നയിച്ചു. വോട്ടിങ്ങിലെ ഇത്രവലിയ അന്തരം സൂക്ഷ്മമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ എം എ ബേബി ജനവിശ്വാസം നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എം എ ബേബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി സഖാവ് ജെയ്ക്ക് സി തോമസിന് ഉണ്ടായ പരാജയം ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പാടേ അപ്രതീക്ഷിതമല്ല. എന്നിരിക്കിലും വോട്ടിംഗില്‍ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്നത് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവര്‍ത്തിച്ചു എന്നും വിലയിരുത്തേണ്ടതുണ്ട്. എന്തായാലും പരാജയം പരാജയം തന്നെ. അത് അതിന്റെ എല്ലാ ഗൗരവത്തോടെയും അംഗീകരിക്കേണ്ടതാണ്.
ഇതിന്റെ കാരണങ്ങള്‍ പാര്‍ട്ടിയും എല്‍ ഡി എഫും വിശദമായി പരിശോധിക്കും. ജനവിശ്വാസം കൂടുതല്‍ നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പുതുപ്പള്ളിയിലെ ജനങ്ങള്‍ക്ക് ഉള്ള സഹതാപമാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതില്‍ മുഖ്യഘടകം. എല്ലാവിധ വര്‍ഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന അപഹാസ്യമായ യുഡിഎഫ് തന്ത്രത്തെ കേരളജനത വൈകാതെ തിരിച്ചറിയും.
കേരളസര്‍ക്കാരിനെ ശ്വാസം മുട്ടിക്കുന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ധനകാര്യ നിയന്ത്രണങ്ങളും ഇടപെടലുകളും. ഹീനമായ രാഷ്ട്രീയലക്ഷ്യം വച്ചാണ് അവരിത് ചെയ്യുന്നത്. കേരളത്തിനെതിരേ ഒരുതരം സാമ്പത്തിക ഉപരോധം പോലെയാണ് ബി ജെ പി സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കിയത്. അതോടൊപ്പം ചരിത്രത്തിലില്ലാത്തവിധം ഒരുവിഭാഗം മാധ്യമങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിച്ചു. ഇതിനെയെല്ലാം നേരിടേണ്ടിവന്ന തെരഞ്ഞെടുപ്പും ആയിരുന്നു ഇത്.
കേരളത്തിലെ പാര്‍ട്ടിയും എല്‍ ഡി എഫും സര്‍ക്കാരും ആവശ്യമായ പരിശോധനകള്‍ നടത്തി വേണ്ട തരത്തിലുള്ള തിരുത്തലുകള്‍ വരുത്തി, കേരളത്തിലെ പുരോഗമനവാദികളുടെയും മതേതരവാദികളുടെയും പ്രസ്ഥാനമായി, തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രസ്ഥാനമായി മുന്നോട്ട് പോവുകതന്നെ ചെയ്യും.