സർക്കാരിന് 36 കോടിയുടെ നഷ്ടം; കെ-ഫോണിൽ വിശദീകരണം തേടി സി.എ.ജി


കെ.ഫോൺ പദ്ധതിയിൽ സി.എ.ജി വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി. പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചതിലൂടെ നഷ്ടം വന്നുവെന്നാണ് സി.എ ജിയുടെ നിഗമനം. സർക്കാരിന് 36 കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് സി.എ.ജിയുടെ പരാമർശം.
കരാർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. കെ ഫോൺ നടത്തിപ്പിന് ഏൽപ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടം ചൂണ്ടിക്കാണിക്കുന്നത്. 1531 കോടിക്കായിരുന്നു ടെൻഡർ ഉറപ്പിച്ചത്.
എന്നാൽ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ സി.എ.ജി തീരുമാനിച്ചിരിക്കുന്നത്.
2013ലെ സ്‌റ്റോർ പർച്ചേസ് മാന്വൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്. പലിശ ഒഴിവാക്കി നൽകണമെങ്കിൽ കരാർ നൽകുന്നവരുടെ ഡയരക്ടർ ബോർഡിൽ ചർച്ചചെയ്യണം. എന്നാൽ, കെ-ഫോണിന്റെ കാര്യത്തിൽ അത്തരമൊരു ചർച്ചയുമില്ലാതെ പലിശരഹിതമായി മൊബിലൈസേഷൻ അഡ്വാൻസായി കരാർ തുകയുടെ പത്തു ശതമാനം പണം അനുവദിക്കുകയായിരുന്നു. ഇതുവഴി സംസ്ഥാന ഖജനാവിന് 36 കോടി രൂപയുടെ നഷ്ടമാണു വരുത്തിവച്ചിരിക്കുന്നതെന്നാണ് സി.എ.ജി കണ്ടെത്തൽ. ജൂൺ മാസത്തിലാണ് സി.എ.ജി ഇക്കാര്യത്തിൽ കെ.എസ്.ഐ.ടി.ഐ.എല്ലിനോാട് വിശദീകരണം തേടിയത്. സർക്കാർ എന്തു മറുപടി നൽകിയെന്ന കാര്യം വ്യക്തമല്ല.