‘കഴിഞ്ഞ കാലത്തിന്റെ പ്രതിബിംബം’; ഓഗസ്‌റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനം
കടന്നുപോവുന്ന ഓരോ നിമിഷത്തെയും ഒപ്പിയെടുക്കാനുള്ള അപൂവ്വമായ കഴിവാണ് ഫോട്ടോഗ്രാഫിയെ വ്യത്യസ്‌തമാക്കുന്നത്. ഈ സവിശേഷതയെ അടയാളപ്പെടുത്തുവാൻ വേണ്ടിയാണ് ലോക ഫോട്ടോഗ്രാഫി ദിനം കൊണ്ടാടുന്നത്. ഓഗസ്‌റ്റ് 19നെ ഫോട്ടോഗ്രാഫി ദിനമായി തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.
1839 ഓഗസ്‌റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിന് ഓര്‍മ്മ പുതുക്കുന്നതിന് വേണ്ടിയാണ് എല്ലാ വര്‍ഷവും ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്.
ലൂയി ടെഗ്വരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കണക്കാക്കുന്നത്. പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്‌റ്റോട്ടില്‍ ഈ വിദ്യയെപ്പറ്റി ലോകത്തിനു പറഞ്ഞു കൊടുത്തിരുന്നത്രേ.
ഒരു ഇരുട്ട്മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്ന പ്രതിഭാസമാണ് അന്ന് അരിസ്‌റ്റോട്ടില്‍ ലോകത്തിന് പറഞ്ഞു കൊടുത്തത്. ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ”ക്യാമറ ഒബ്സ്ക്യുര” യുടെ പിറവിക്കു പിന്നിലും ഈ തത്ത്വം ഉണ്ടായിരുന്നു.
ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ, പ്രത്യേകിച്ച് 20ആം നൂറ്റാണ്ടിന് ശേഷമുള്ളവ ഫോട്ടോഗ്രാഫിയുടെ കണ്ണിലൂടെയാണ് പുതുതലമുറയ്ക്ക് മുന്നിലേക്ക് എത്തിയത്. ആണവ പരീക്ഷണങ്ങൾ മുതൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ വരെ, ഭക്ഷ്യക്ഷാമത്തിന്റെ കരളലിയിപ്പിക്കുന്ന കാഴ്‌ചകളും ലോക കായിക മാമാങ്കത്തിന്റെ ആവേശവും വരെ പകർത്താൻ ഈ കണ്ടുപിടിത്തത്തിനായി. അതിനാൽ തന്നെ സംശയമേതുമില്ലാതെ പറയാം, മനുഷ്യരാശിയുടെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ഫോട്ടോഗ്രാഫിയെന്ന്…
ബഹിരാകാശത്തിന്റെ മായക്കാഴ്‌ചകൾ പകർത്താൻ കെൽപ്പുള്ള എഐ ക്യാമറകൾ വരെ ഇന്ന് ലഭ്യമാണ്. ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് അപ്പുറം ഫോട്ടോഗ്രാഫിയെ വേറിട്ട് നിർത്തുന്നത് വൈകാരികമായി ആളുകളുമായി ചേർന്ന് നിൽക്കുന്ന മാധ്യമം എന്നതിനാലാണ്. കടന്നു പോയ ഒരു നിമിഷത്തെ മൂല്യം തിരിച്ചറിയാൻ പഴയ ഒരു ഫോട്ടോ മാത്രം മതിയാകും. ഒരു വാക്കോ കുറിപ്പോ ഇല്ലാതെ തന്നെ ഓർമചെപ്പ് തുറന്ന് കഴിഞ്ഞ കാലത്തിന്റെ സന്തോഷവും വേദനയും അതേ തീവ്രതയിൽ അനുഭവഭേദ്യമാക്കാനുള്ള കഴിവ് ഫോട്ടോയ്ക്കുണ്ട്.
ടെക്‌നോളജിയുടെ യുഗത്തിൽ ഒരു മികച്ച ഫോട്ടോ ലഭിക്കാൻ കേവലം സെക്കന്റുകൾ മാത്രം മതി. എന്നാൽ ദിവസത്തിന്റെ മുക്കാൽ ഭാഗവും ഒരു ഫോട്ടോ എടുക്കാൻ വേണ്ടി ചെലവിടേണ്ടി വന്ന കാലവും നമുക്കുണ്ടായിരുന്നു. ഡാഗുറേ ടൈപ്പിൽ നിന്നും സെൽഫി കാലം വരെയുള്ള ചരിത്രത്തിൽ ഫോട്ടോഗ്രഫി രംഗത്തുണ്ടായ മാറ്റങ്ങൾ അത്ഭുതകരമാണ്.ഡാഗുറേ ടൈപ്പിന്റെ കണ്ടുപിടുത്തത്തിന് ശേഷമാണ് ഫോട്ടോഗ്രഫി ദിനം ആചരിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രഫി രംഗത്തെ നിർണായക ചുവടുവെപ്പായിരുന്നു ഡാഗുറേ. 1837ൽ ലൂയിസ് ഡാഗുറേ എന്ന ഫ്രഞ്ചുകാരനാണ് ഡാഗുറേടൈപ്പ് കണ്ടുപിടിക്കുന്നത്.
സിൽവർ അയഡൈഡ് പുരട്ടിയ ഗ്ലാസ് പ്ലേറ്റിൽ ഒരു വസ്‌തുവിന്‍റെ പ്രതിബിംബം കൃത്യമായി മിനിറ്റുകൾക്കുള്ളിൽ പതിപ്പിക്കുന്നതിനും പിന്നീട് പ്രതിബിംബം പ്ലേറ്റിൽ സ്ഥിരമായി ഉറപ്പിക്കാൻ കഴിയുമെന്നുമായിരുന്നു ഈ കണ്ടുപിടുത്തം. ഇതോടെ ഫോട്ടോഗ്രഫി കൂടുതൽ ജനകീയമായി.
ഡാഗുറേ കണ്ടുപിടുത്തത്തിന് രണ്ട് വർഷങ്ങൾക്ക് ശേഷം 1839 ജനുവരി 9 ൽ ഫ്രഞ്ച് സയൻസ് അക്കാദമി ഡാഗുറേടൈപ്പ് ഔദ്യോഗികമായി അംഗീകരിച്ചു. ഇതിന് ഏഴു മാസങ്ങൾക്ക് ശേഷം ഓഗസ്‌റ്റ് 19 നാണ് ലോകത്തിന് ലഭിച്ച സമ്മാനമാണ് ഡാഗുറേ ടൈപ്പ് എന്ന് ഫ്രഞ്ച് സർക്കാർ വിശേഷിപ്പിക്കുന്നത്. ഫോട്ടോഗ്രഫി ദിനമായി ഓഗസ്‌റ്റ് 19 ആചരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
2009-ൽ ഓസ്ട്രേലിയൻ ഫോട്ടോഗ്രഫറായ കോർസ്‌ക് അരായാണ് ലോക ഫോട്ടോഗ്രഫി ദിനത്തെ കുറിച്ചുള്ള പദ്ധതിയുമായി മുന്നോട്ടുവരുന്നത്. ഇതിന് പിന്നാലെ, 2010 ഓഗസ്‌റ്റ് 19ന് ലോക ഫോട്ടോഗ്രഫി ദിനത്തിന്റെ അന്താരാഷ്ട്ര ഓൺലൈൻ ഗാലറിയും സംഘടിപ്പിച്ചു. മികച്ച സ്‌മാർട്ഫോണുള്ള ഓരോരുത്തരും ഫോട്ടോഗ്രാഫർമാരായി കൊണ്ടിരിക്കുന്ന കാലമാണിത്. ഫോട്ടോഗ്രഫിയിൽ സാങ്കേതികത അത്രയധികം വികസിച്ചു കൊണ്ടിരിക്കുന്നു.
വലിയ കരിയർ സാധ്യതകൾ കൂടി മുന്നിലുള്ള മേഖലയാണ് ഫോട്ടോഗ്രാഫി എന്ന കാര്യവും ഓർക്കേണ്ടതാണ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പോലെയുള്ള സ്വപ്‌ന ജോലികൾക്ക് അപ്പുറം ഫാഷൻ ഫോട്ടോഗ്രാഫി പോലെയുള്ള ഗ്ലാമർ ജോലികളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഫോട്ടോഗ്രാഫിയെ കുറിച്ച് അടുത്ത കാലത്തായി ഒരു മലയാള സിനിമയിൽ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചത് ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരത്തിലാണ്.
ഈ ചിത്രത്തിൽ നായകനായ മഹേഷിനോട് പിതാവായ വിൻസന്റ് ഭാവന പറയുന്ന വാക്കുകൾ ഫോട്ടോഗ്രാഫിയെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒന്നാണ്. “നല്ലൊരു മൊമന്റ് സംഭവിക്കുന്നതിന് തൊട്ട് മുൻപുള്ള നിമിഷം…അത് നമ്മൾ തിരിച്ചറിയണം…ക്ലിക്ക് ചെയ്യാൻ റെഡിയായിരിക്കണം…അത്രേയുള്ളൂ കാര്യം”.