കട്ടപ്പന ഗാന്ധി സ്ക്വയറിൽ പൊട്ടിയ പൈപ്പ് മാറി
കഴിഞ്ഞ 2 വർഷമായി കട്ടപ്പന ഗാന്ധി സ്ക്വയറിൽ ടൗൺ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. ആഴ്ചയിൽ മൂന്ന് ദിവസമാണ് രാത്രികാലങ്ങളിൽ കുടിവെള്ളം പമ്പ് ചെയ്തിരുന്നത്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകി നഷ്ടമായിക്കൊണ്ടിരുന്നത്. ഇടുക്കി ലൈവ് പലതവണ ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നു. വർഷങ്ങൾക്കു മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കട്ടപ്പന പോലീസ് സ്റ്റേഷന് എതിർവശത്ത് ടാക്സി സ്റ്റാൻഡിൽ വൻ വാട്ടർ ടാങ്ക് സ്ഥാപിച്ചതും പൈപ്പിട്ട് കുടിവെള്ളം എത്തിക്കാൻ തുടങ്ങിയതും. എന്നാൽ ഗുണനിലവാരമില്ലാത്ത പൈപ്പുകൾ സ്ഥാപിച്ചത് മൂലമാണ് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവിടെ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടാൻ തുടങ്ങിയത്. പിന്നീട് കട്ടപ്പന നഗരസഭ ആയപ്പോൾ ജില്ലാ പഞ്ചായത്ത് ഈ പദ്ധതി ടൗൺ കുടിവെള്ള പദ്ധതി എന്ന പേരിൽ പുതിയ കമ്മിറ്റി രൂപീകരിച്ച വിട്ടുകൊടുത്തു. എന്നാൽ വേണ്ട സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താൻ സാധിച്ചിരുന്നില്ല . പദ്ധതി നഗരസഭയുടെതാണെന്ന് വാട്ടർ അതോറിറ്റിയും എന്നാൽ ജില്ലാ പഞ്ചായത്ത് നഗരസഭയ്ക്ക് വിട്ടുകൊടുത്തിട്ടില്ല എന്നു നഗരസഭയും ആരോപിച്ചു. അതിനാൽ തന്നെ
പദ്ധതി ഏറ്റെടുക്കുവാൻ ഇരുകൂട്ടരും തയ്യാറാകാത്തതിനാൽ നാഥനില്ല കളരിയായി ഇത് മാറി. പിന്നീട് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെയാണ് കഴിഞ്ഞദിവസം നാഷണൽ ഹൈവേയുടെ പ്രത്യേക അനുമതി വാങ്ങി റോഡ് വെട്ടിപ്പൊളിച്ച് പഴയ പൈപ്പ് മാറ്റി പുതിയ സ്ഥാപിച്ചത്.