വയനാട് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി


വയനാട് കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങൾ കടത്തിയത്.
ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വലിയ തോതിൽ വയനാട് വഴി ലഹരിവസ്തുക്കൾ കടത്തുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് ജീപ്പിൽ കടത്തിക്കൊണ്ടുവന്ന ഹാൻസ് പിടികൂടിയത്. പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാൻസാണ് പിടികൂടിയത്. 56000ത്തിലേറെ പാക്കറ്റുകളുണ്ട്. മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന ഹാൻസാണ് പിടികൂടിയത്. വാഹന ഡ്രൈവർ വാളാട് നൊട്ടൻവീട്ടിൽ ഷൌഹാൻ സർബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാൻസ് കടത്തിയ കെ എൽ 55 എൻ 6018 വാഹനവും കസ്റ്റഡിയിലെടുത്തു.
മാനന്തവാടിയിലേയും, കാട്ടിക്കുളത്തേയും മറ്റും സ്‌കൂൾ പരിസരത്തുൾപ്പെടെയുള്ള കടകളിലേക്ക് നൽകുന്നതിനായി കൊണ്ടുവന്നതാണ് ഹാൻസെന്ന് പോലീസ് വ്യക്തമാക്കി. തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ ജി വിഷ്ണു, എസ് ഐ സി.ആർ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. എ എസ് ഐ സൈനുദ്ധീൻ, എസ് സിപിഒ സുഷാദ്, സിപിഒ മാരായ ലിജോ , ബിജു രാജൻ, രാഹുൽ ചന്ദ്രൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.