ഇന്ത്യന്‍ കാക്കകള്‍ പക്ഷിപ്പനിക്ക് കാരണമാകുന്നു; സൗദിയില്‍ വീണ്ടും അധികൃതരുടെ മുന്നറിയിപ്പ്
സൗദിയില്‍ ഇന്ത്യന്‍ കാക്കകളെക്കുറിച്ച് വീണ്ടും അധികൃതരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ കാക്കകള്‍ പക്ഷിപ്പനിക്ക് കാരണമാകുന്നുണ്ട് എന്നും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഭീഷണിയാണെന്നും അധികൃതര്‍ അറിയിച്ചു. സൗദി ദേശീയ വന്യജീവി വികസന കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ ഫഹദ് അല്‍ ഖുഥാമിയാണ് സൗദിയിലെ ഇന്ത്യന്‍ കാക്കകളെ കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.സൗദിയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ജിസാനിലും ഫറസാണ്‍ ദ്വീപിലുമാണ് ഇപ്പോള്‍ കൂടുതലായും ഇന്ത്യന്‍ കാക്കകളെ കണ്ടുവരുന്നത്. സൌദിയുടെ മറ്റ് ഭാഗങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ കാക്കകളെ സൗദിയില്‍ നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണെന്ന് ഫഹദ് അല്‍ഖുഥാമി അറിയിച്ചു.
ഇന്ത്യന്‍ കാക്കകളുടെ സാന്നിധ്യം ജൈവ വൈവിധ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. കാര്‍ഷികോല്‍പ്പണങ്ങള്‍ തകരുന്നു. പ്രധാനമായും സസ്യ-ജന്തു വസ്തുക്കളെ ഭക്ഷിച്ചാണ് ഈ കാക്കകള്‍ ജീവിക്കുന്നത്. ചെറു ജീവികളെ ഭക്ഷിക്കുന്നത് മൂലം ഈ മേഖലയില്‍ ചെറു ജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. കന്നുകാലികളെ ആക്രമിക്കുകയും വൈദ്യുതി വിതരണത്തിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് ഇന്ത്യന്‍ കാക്കകളുടെ യഥാര്‍ത്ഥ വാസസ്ഥലം. എഴുപതുകളില്‍ വാണിജ്യ കപ്പലുകള്‍ വഴിയാണ് ഇവ അറേബ്യന്‍ ഉപദ്വീപില്‍ പ്രവേശിച്ച് തുടങ്ങിയത്. പ്രത്യുല്‍പാദനത്തിനുള്ള ഉയര്‍ന്ന കഴിവ് ഉള്ളതിനാല്‍ കാക്കകളുടെ എണ്ണം ചെങ്കടല്‍ തീരങ്ങളില്‍ അതിവേഗം വ്യാപിച്ചു. വൈവിദ്യമാര്‍ന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കാക്കകള്‍ക്ക് സാധിക്കുന്നുണ്ട്.