വിൻഡീസ് പര്യടനം ഇന്ന് മുതൽ അമേരിക്കയിൽ; സമനില ലക്ഷ്യമിട്ട് ഇന്ത്യ, പരമ്പര നേടാൻ വിൻഡീസ്
വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡർഹില്ലിലാണ് മത്സരം. മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-2നു പിന്നിലാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ കളി വിജയിച്ച് പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യ ഇറങ്ങുമ്പോൾ പരമ്പര നേടാൻ വെസ്റ്റ് ഇൻഡീസ് കളത്തിലിറങ്ങും. ഏകദിന പരമ്പരയിലെയും ആദ്യ രണ്ട് ടി-20യിലെയും മോശം പ്രകടനങ്ങൾക്ക് ശേഷം സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ഫോമിലേക്ക് തിരികെയെത്തിയത് ഇന്ത്യയ്ക്ക് ഊർജമായിട്ടുണ്ട്. ഇതോടൊപ്പം മധ്യനിരയിൽ തിലക് വർമയുടെ പ്രകടനങ്ങളും ഇന്ത്യയെ തുണയ്ക്കുന്നു. ടോപ്പ് ഓർഡറിൽ ശുഭ്മൻ ഗില്ലിൻ്റെ ഫോം ഇന്ത്യയെ വലയ്ക്കുന്നുണ്ട്. മലയാളി താരം സഞ്ജു സാംസണും പരമ്പരയിൽ ഇതുവരെ ഒരു നല്ല ഇന്നിംഗ്സ് കളിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയും ആറ്റിറ്റ്യൂഡും വിമർശനവിധേയമാകുന്നതും ഇന്ത്യക്ക് തിരിച്ചടിയാണ്.
കഴിഞ്ഞ കളി അരങ്ങേറിയ യുവതാരം യശസ്വി ജയ്സ്വാൾ നിരാശപ്പെടുത്തിയെങ്കിലും താരം ടീമിൽ തുടരും. കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. പ്രത്യേകിച്ച്, പരമ്പര നഷ്ടപ്പെടാൻ സാധ്യത നിലനിൽക്കുമ്പോൾ.