ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി. പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
നിസാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച രേഖകളില്‍ പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഇടപെട്ടു എന്നതിന് പര്യാപ്തമായ തെളിവുകളില്ല. പരാതിയുള്ള ജൂറിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നുവെന്നും കോടതി വിലയിരുത്തി. മാധ്യമങ്ങളില്‍ കാണുന്നതിലൊക്കെ നോക്കി നോട്ടീസ് അയക്കാനും അന്വേഷണത്തിന് ഉത്തരവിടാനും സാധിക്കില്ലെന്നും കോടതി പറഞ്ഞു.
‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത് ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പുരസ്‌കാര നിര്‍ണയത്തില്‍ സ്വജന പക്ഷപാതമുണ്ടായെന്നാണ് ഹര്‍ജിക്കാരന്‍ പ്രധാനമായി ആരോപിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളില്‍ നിയമവിരുദ്ധമായി ഇടപെട്ടെന്നും ഇതിനു തെളിവ് ഉണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടാതിരിക്കാന്‍ രഞ്ജിത്ത് ഹീനമായ രാഷ്ട്രീയം കളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സംവിധായകന്‍ വിനയന്‍ നേരെത്തെ ആരോപിച്ചിരുന്നു.