പഴയ ട്രാഫിക് എസ്.ഐയ്ക്ക്
പുതിയ ട്രാഫിക് എസ്.ഐയുടെ വക പെറ്റി
കട്ടപ്പന:കട്ടപ്പന സ്റ്റേഷനിലെ മുൻ ട്രാഫിക് എസ്.ഐയ്ക്കാണ് പുതിയ ഗ്രേഡ് ട്രാഫിക് എസ്.ഐയുടെ വക പെറ്റി ലഭിച്ചത്. 7 വർഷം മുമ്പ് റിട്ടയറായ കട്ടപ്പന സ്വദേശിയും കായികതാരവുമായ ട്രാഫിക് എസ്.ഐയ്ക്കാണ് പാറക്കടവ് സ്വദേശിയായ ഗ്രേഡ് ട്രാഫിക് എസ്.ഐ 250 രൂപ പിഴയടിച്ചത്. പോലീസ് സ്റ്റേഷന് സമീപം കാർ അനധികൃതമായി പാർക്ക് ചെയ്തു എന്ന കാരണത്താലാണ് പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് സമീപമുള്ള എസ്.ബി.ഐ ബാങ്കിൽ തന്റെ പെൻഷൻ തുക വാങ്ങുവാൻ എത്തിയതായിരുന്നു പഴയ ട്രാഫിക് എസ്.ഐ. പോലീസ് കാന്റീന് മുന്നിൽ കാർ പാർക്ക് ചെയ്ത ശേഷം ബാങ്കിലെത്തി തുക കൈപ്പറ്റി ഉടൻ തന്നെ മടങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ 250 രൂപ പിഴ ഈടാക്കിയുള്ള സന്ദേശം ഫോണിൽ എത്തുകയും ചെയ്തു. പോലീസുകാരും സ്റ്റേഷനിലും ബാങ്കിലും എത്തുന്നവർ അടഞ്ഞുകിടക്കുന്ന കാന്റീന് മുന്നിലായി വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട് അതിനാലാണ് താൻ അവിടെ വാഹനം പാർക്ക് ചെയ്തതെന്ന് പഴയ ട്രാഫിക് എസ്.ഐ പറഞ്ഞെങ്കിലും പുതിയ ട്രാഫിക് എസ്.ഐ കേൾക്കാൻ കൂട്ടാക്കിയില്ലത്രേ. നിയമം പാലിക്കപ്പെടാനുള്ളതാണെന്നും അത് താൻ നടപ്പിലാക്കുമെന്നുമുള്ള നിലപാടിലായിരുന്നു അദ്ദേഹം. മരുന്ന് വാങ്ങാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും നഗരത്തിലെത്തുന്നവരെ തിരഞ്ഞുപിടിച്ചു പിഴയടക്കുന്നത് നീതിയല്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നും അതിൽ പക്ഷപാതം കാണിക്കരുതെന്നും പഴയ എസ്.ഐയും പറഞ്ഞു.