കോതമംഗലം താലൂക്കിലെ വാരപ്പെട്ടിയിൽ വൈദ്യുതിയുടെ വകുപ്പ് ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ച വാഴത്തോട്ടം കിസാൻ സഭ നേതാക്കൾ സന്ദർശിച്ചു
കഴിഞ്ഞ ദിവസം കെ എസ് ഇ ബി വാഴ വെട്ടി നശിപ്പിച്ച
വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവം കാവുംപുറം അനീഷ് തോമസിന്റെ വാഴത്തോട്ടമാണ് കിസാൻ സഭ നേതാക്കൾ സന്ദർശിച്ചത്. മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യാ ചെയർമാനും കിസാൻ സഭ ജില്ലാ പ്രസിഡന്റുമായ ഇ കെ ശിവൻ, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി കെ രാജേഷ്, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എം ഐ കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി നിതിൻ കുര്യൻ, എ ഐ വൈ എഫ് നിയോജക മണ്ഡലം സെക്രട്ടറി എൻ യു നാസർ, പ്രവാസി ഫെഡറേഷൻ മണ്ഡലം സെക്രട്ടറി പ്രശാന്ത് ഐക്കര, സി പി ഐ വാരപ്പെട്ടി അസിസ്റ്റന്റ് ലോക്കൽ സെക്രട്ടറി എ പി റഹീം, റ്റി കെ സുനിൽ എന്നിവരാണ് വാഴത്തോട്ടം സന്ദർശിച്ചത്.
വൈദ്യുത ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കർഷകനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി കർഷന് നൽകണമെന്നും ഇ കെ ശിവൻ ആവശ്യപ്പെട്ടു. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചത്. വൈദ്യുതി ലൈനിലേക്ക് വാഴകൾ മുട്ടിയെന്ന കാരണം പറഞ്ഞ് ടച്ചിംഗ് വെട്ടൽ എന്ന പേരിലാണ് 406 വാഴകൾ നശിപ്പിച്ചത്. സംഭവം വിവാദമായതോടെ താൽക്കാലിക ജീവനക്കാരുടെ മേൽ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഉത്തരവാദിത്വപ്പെട്ടവർ രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കി ഒത്തുതീർക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. വാഴ വൈദ്യുതി ലൈനിൽ മുട്ടിയാൽ
തന്നെ വാഴ കൈകൾ വെട്ടിമാറ്റി തീർക്കാവുന്ന പ്രശ്നം 406 വാഴകൾ വെട്ടി നശിപ്പിച്ച് വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിച്ച വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇ കെ ശിവൻ ആവശ്യപ്പെട്ടു.