അടിസ്‌ഥാന സൗകര്യങ്ങളില്ല; മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രതിഷേധം
ചെറുതോണി: അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.മെഡിക്കല്‍ കോളജിലെ എസ്.എഫ്.ഐ യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്‍പില്‍ ആരംഭിച്ച സമരത്തില്‍ ജീവനക്കാരെ ഉള്‍പ്പെടെ ഓഫീസിലേക്ക് കയറ്റാതെ വാതില്‍ അടച്ചാണ് പ്രതിഷേധിച്ചത്. 2014 ല്‍ ആരംഭിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ ഇതുവരെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇടുക്കി മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്‌റ്റല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നതായിരുന്നു പ്രാധാനമായും വിദ്യര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യം.മെഡിക്കല്‍ കോളജില്‍ ലക്‌ചര്‍ ഹാളുകള്‍, ലാബുകള്‍, കളിസ്‌ഥലം തുടങ്ങിയവയൊന്നും കാമ്ബസിലില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രാവിലെ ഒന്‍പതിന് പഠിപ്പ് മുടക്കി സമരം തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ ഓഫീസിന്റെ മുമ്ബില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തങ്ങള്‍ ഇവിടെയെത്തിയ കാലം മുതല്‍ വാഗ്‌ദാനങ്ങള്‍ നല്‍കി പറ്റിക്കുക മാത്രമാണ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചെയ്‌തിട്ടുള്ളതെന്നും അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കിത്തരുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കാര്‍ഡിയോളജി, നെഫ്രോളജി, യൂറോളജി, ഓങ്കോളജി തുടങ്ങിയ പഠനത്തിനാവശ്യമായ ഒട്ടേറെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജിലില്ല.അസൗകര്യങ്ങള്‍ മാത്രമുള്ള ഇവടെ തങ്ങളുടെ ഭാവി അനിശ്‌ചിതത്വത്തിലാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പുതിയ ബാച്ചിന്റെ പ്രവേശനം ഉടന്‍ ആരംഭിക്കാനിരിക്കെ ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സമരം ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. പ്രിന്‍സിപ്പലിന്റെ ഓഫീസിന്റെ മുന്‍ഭാഗത്തായി വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം ആരംഭിച്ചതോടെ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ അടക്കം മറ്റ് ജീവനക്കാര്‍ക്ക് കോളജിലേക്ക് പ്രവേശിക്കാനായില്ല.എന്നാല്‍ രാവിലെ തന്നെ ഓഫീസിലെത്തിയിരുന്ന ചില ജീവനക്കാരും കെ.എസ്.ഇ.ബിയുടെയും, വാട്ടര്‍ അതോറിറ്റിയുടെയും അധികൃതരും വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ 15 ദിവസത്തിനുള്ളില്‍ പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച ഹോസ്‌റ്റലിനുള്ളില്‍ വെള്ളവും വൈദ്യുതിയുമെത്തിക്കാം എന്നുള്ള ഉറപ്പില്‍ സമരം താല്‌കാലികമായി അവസാനിപ്പിച്ചു. അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇനിയും കാലതാമസം നേരിട്ടാല്‍ തുടര്‍ സമരങ്ങളുണ്ടാകുമെന്ന് വിദ്യാര്‍ഥികള്‍ മുന്നറിയിപ്പു നല്‍കി.