‘ഫോണിൽ വിളിച്ച് വധഭീഷണി’: സൈബർ ആക്രമണത്തിനെതിരെ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു


സൈബർ ആക്രമണത്തിനെതിരെ നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശവുമായി സുരാജിന്റെ ഫോണിലേക്ക് വന്ന നമ്പറുകൾ പൊലീസ് ട്രെയ്സ് ചെയ്തു. മൂന്നുപേരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി. തനിക്ക് ഫോണിലൂടെ വധഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാണിച്ച് എറണാകുളം സൈബർ പൊലീസിലാണ് സുരാജ് വെഞ്ഞാറമൂട് പരാതി നൽകിയത്. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു.
മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് കുറിച്ചത്.