20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാനില്ല
20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാനില്ലെന്ന് പരാതി. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് 20 ലക്ഷം രൂപയുടെ തക്കാളിയുമയി പോയ ലോറിയാണ് കാണാതായത്. ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി ഇതുവരെ എത്തിയിട്ടില്ല. ഡ്രൈവറിൻ്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. സംഭവത്തിൽ കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്‌വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ഇവരാണ് വിവരം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതിപ്പെട്ടത്. ജിപിഎസ് ട്രാക്കർ പ്രകാരം ലോറി 1600 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ, പിന്നീട് ലോറി കണ്ടെത്താൻ സാധിച്ചിട്ടില്ല.
അതേസമയം, തക്കാളി വിറ്റ് കർഷകർ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. തക്കാളി വിറ്റ് വെറും 45 ദിവസം കൊണ്ട് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന കർഷകൻ 4 കോടി രൂപ നേടി. ഏപ്രിൽ ആദ്യ വാരമാണ് തൻ്റെ 22 ഏക്കർ കൃഷിയിടത്തിൽ ചന്ദ്രമൗലി തക്കാളി വിതച്ചത്. ജൂൺ അവസാനത്തോടെ വിളവെടുക്കാനായി. കർണാടകയിലെ കോലാർ ചന്തയിലാണ് ചന്ദ്രമൗലി തക്കാളികൾ വിറ്റത്. 15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഇവിടെ 1000 മുതൽ 1500 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ 45 ദിവസം കൊണ്ട് 40,000 പെട്ടികളാണ് ചന്ദ്രമൗലി വിറ്റത്.
ആകെ കൃഷി ചെയ്യാൻ ചെലവായത് ഒരു കോടി രൂപയാണ് എന്ന് ചന്ദ്രമൗലി പറയുന്നു. നാല് കോടി രൂപ ആകെ ലഭിച്ചു. അപ്പോൾ ലാഭം 3 കോടി രൂപയാണ് എന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.