കൊവിഡ് വാക്സിനെടുത്തതിനെ തുടര്‍ന്ന് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജികളിൽ സുപ്രീം കോടതിയുടെ നോട്ടീസ്


ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന് എടുത്തതിനെ തുടര്‍ന്ന് മരണം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേരള ഹൈക്കോടതിയിലടക്കം പതിനൊന്ന് ഹൈക്കോടതികളിലാണ് ഹര്‍ജികള്‍ നിലവിലുള്ളത്. കേസില്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് വിവിധ ഹൈക്കോടതികളിലെ തുടര്‍ നടപടികളും സ്റ്റേ ചെയ്തു.
കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായ ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരിയായ കെ.എ സയീദ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച ശേഷം, ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് വാക്‌സിനേഷന്റെ അനന്തരഫലങ്ങള്‍ മൂലമാണ് മരിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി കണ്ടെത്തി. ഇതിന് പിന്നാലെ കൊവിഡ് വാക്‌സിനേഷനെ തുടര്‍ന്നുള്ള പ്രതികൂല സംഭവങ്ങള്‍ നേരിട്ടുള്ളവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നയം രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപെട്ടിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അത്തരമൊരു നയം രൂപീകരിച്ചിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കിയിരുന്നു വിഷയത്തിന്റെ അടിയന്തര പ്രാധാന്യം പരിഗണിച്ചാണ് കൊവിഡ് വാക്സിനേഷന്റെ അനന്തരഫലം മൂലമുള്ള മരണങ്ങള്‍ കണ്ടെത്തുന്നതിനും ഇരകളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും നയരൂപീകരണം നടത്തണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദേശിച്ചത്. സുപ്രീം കോടതിയിൽ കേന്ദ്രം നൽകിയ ഹർജിക്ക് എതിരെ ഹൈക്കോടതിയിലെ ഹർജിക്കാരിയായ സയീദയ്ക്ക് വേണ്ടി അഭിഭാഷകൻ കെ.എൻ പ്രഭു ഹാജരായി.