വെള്ളിയാഴ്ച പോലെ ശനിയാഴ്ചയും; ‘ഓപ്പണ്‍ഹെയ്‍മര്‍’ രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത്
ഇതരഭാഷകളില്‍ നിന്നെത്തുന്ന പ്രധാന റിലീസുകളോട് മലയാളി പ്രേക്ഷകര്‍ വളരെ പോസിറ്റീവ് ആയാണ് പ്രതികരിക്കാറ്. അത് മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ ആയാലും ബോളിവുഡ് ആയാലും അങ്ങനെതന്നെ. മാര്‍വല്‍, ഡിസി അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളോടും അങ്ങനെതന്നെ. ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളുടെയത്ര തിയറ്റര്‍ കൌണ്ട് ലഭിക്കാറില്ലെങ്കിലും ഹോളിവുഡ് ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന വലിയൊരു പ്രേക്ഷകവൃന്ദം പണ്ടുമുതലേ കേരളത്തില്‍ ഉണ്ട്. ഇപ്പോഴിതാ ഹോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ ചിത്രം, ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തിലെത്തിയ ഓപ്പണ്‍ഹെയ്മറിനും മികച്ച പ്രതികരണമാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് ലഭിക്കുന്നത്.
റിലീസ് ദിനമായ വെള്ളിയാഴ്ച 1.3 കോടി നേടിയ ചിത്രം ശനിയാഴ്ചയും സമാന കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ആദ്യ രണ്ട് ദിനങ്ങളില്‍ കേരള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 2.6 കോടിയാണെന്നാണ് ലഭ്യമാവുന്ന കണക്ക്. മാര്‍വല്‍, ഡിസി സ്റ്റുഡിയോകളില്‍ നിന്നല്ലാതെ എത്തുന്ന ഒരു ഹോളിവുഡ് ചിത്രത്തെ സംബന്ധിച്ച് കേരളത്തില്‍ ഭിക്കുന്ന മികച്ച കളക്ഷനാണ് ഇത്. അതേസമയം ഇന്ത്യ ഒട്ടാകെ നിന്ന് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 38 കോടി ആണെന്നും കണക്കുകളുണ്ട്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്നും വമ്പന്‍ നേട്ടമാണ് ചിത്രം ഉണ്ടാക്കുന്നത്. ഇന്ത്യ, യുഎസ് അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യപ്പെട്ടതെങ്കിലും മറ്റ് നിരവധി രാജ്യങ്ങളില്‍ ചിത്രം വ്യാഴാഴ്ച തന്നെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. റിലീസ് ചെയ്യപ്പെട്ട 57 രാജ്യങ്ങളില്‍ നിന്ന് വ്യാഴാഴ്ച ചിത്രം നേടിയത് 15.7 മില്യണ്‍ ഡോളര്‍ ആണ്. അതായത് 129 കോടി രൂപ! ആദ്യ വാരാന്ത്യ കളക്ഷനില്‍ ആഗോള ബോക്സ് ഓഫീസില്‍ ചിത്രം വന്‍ തുക നേടുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.