ഡിജിറ്റല്‍ റീസര്‍വ്വെ: കൈവശഭൂമി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ല


ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട് ഭൂരേഖകള്‍ തയ്യാറാക്കുമ്പോള്‍ കൈവശ ഭൂമി നഷ്ടപ്പെടുന്ന ആശങ്കകള്‍ക്ക് പരിഹാരമായി സര്‍വ്വെ ഭൂരേഖ വകുപ്പ് ഒരു സ്പഷ്ടീകരണം പുറത്തിറക്കി. ഇടുക്കി ജില്ലയിലെ വാത്തിക്കുടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ നടപടികള്‍ നടന്നു വരവെ ജനങ്ങള്‍ക്കിടിയിലുണ്ടായ ആശങ്കകള്‍ മനസിലാക്കി കഴിഞ്ഞ ബുധനാഴ്ച റവന്യു മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം വിശദമായി വിഷയം ചര്‍ച്ച ചെയ്തതിനു ശേഷം സ്പഷ്ടീകരണം പുറത്തിറക്കുവാന്‍ സര്‍വ്വെ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജൂലായ് മാസം ആദ്യത്തില്‍ ഡിജിറ്റല്‍ സര്‍വ്വെ റെക്കോര്‍ഡുകള്‍ തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍ ഭൂമി രേഖകള്‍ ഇല്ലാതെ വ്യക്തികള്‍ കൈവശം വെച്ചിരിക്കുകയാണെങ്കില്‍ റെക്കോര്‍ഡുകളില്‍ സര്‍ക്കാരിന്റെ പേര് രേഖപ്പെടുത്തണമെന്നും കൈവശം സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതില്ലായെന്നുമുള്ള സര്‍വ്വെ ഡയറക്ടറുടെ കത്താണ് ആശങ്കകള്‍ക്ക് അടിസ്ഥാനം. അത്തരം ആശങ്കകള്‍ ഒഴിവാക്കുന്നതിനാണ് ഇതു സംബന്ധിച്ച സ്പഷ്ടീകരണം സര്‍വ്വെ ഡയറക്ടര്‍ പുറത്തിറക്കിയത്. അതു പ്രകാരം ലാന്റ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഭൂ രേഖകളില്‍ കൈവശക്കാരന്റേ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ ഡിജിറ്റല്‍ റീസര്‍വ്വെയുമായി ബന്ധപ്പെട്ട റെക്കോര്‍ഡുകളിലും രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ വാത്തിക്കുടി വില്ലേജില്‍ കൈവശ ഭൂമി നഷ്ടപ്പെടുമെന്ന കര്‍ഷകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലായെന്നും സര്‍വ്വെ ഡയറക്ടര്‍ വ്യക്തമാക്കുന്നു.