മണിപ്പൂരിൽ ബലാത്സംഗക്കൊലയും; 2 സ്ത്രീകളെ ജനക്കൂട്ടം ബലാത്സംഗം ചെയ്ത് കൊന്ന വിവരവും പുറത്ത്


ദില്ലി: മണിപ്പൂരിലെ ഇംഫാലിലെ മറ്റൊരു കൂട്ടബലാൽസംഗക്കേസിൻ്റെ വിവരങ്ങൾ കൂടി പുറത്ത്. ഇംഫാലിൽ കാർവാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. മേയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താൻ കേന്ദ്രം നിർദേശം നൽകി. കൂട്ടബലാത്സംഗക്കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മണിപ്പൂരിൽ രജിസ്റ്റർ ചെയ്ത 6000ത്തിലധികം കേസുകൾ കേന്ദ്രം പരിശോധിക്കും.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന് പിന്നാലെ മിസോറമിൽ മെയ്ത്തി വിഭാഗക്കാർ താമസിക്കുന്ന മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. സംഘർഷ സാഹചര്യം നിലനിൽക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിലാണ് സുരക്ഷ വർധിപ്പിച്ചത്. മണിപ്പൂരിലെ ലൈംഗികാതിക്രമത്തില്‍ കടുത്ത വിമർശനമാണ് നാഗ വിഭാഗം ഉന്നയിക്കുന്നത്. ഇത്തരം കൊടും ക്രൂരത അനുവദിക്കാനാക്കില്ലെന്ന് നാഗ എംഎൽഎമാർ പ്രതികരിച്ചു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷി യിലെയും നാഗ എംഎൽഎമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്. സാഹചര്യം നിയന്ത്രണ വിധേയമല്ലെന്നുംം നാളെ ആക്രമിക്കപ്പെടുന്നത് നാഗസ്ത്രീകൾ ആയിരിക്കാം എന്നും എംഎൽഎമാർ പറഞ്ഞു. മെയ്ത്തെയ് – കുക്കി കലാപത്തിൽ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്. മണിപ്പൂരിലെ പ്രബല വിഭാഗമാണ് നാഗ. അതിനിടെ, ഭർത്താവിനെയും ഇളയമകനെയും അക്രമികൾ കൊന്നെന്ന് ചൗബാലിൽ പീഡനത്തിനിരയായ സ്ത്രീയുടെ അമ്മ രംഗത്തെത്തി.