മറയൂരിൽ ഗർഭിണിയുടെ മൂന്ന് പവൻ മാല മോഷ്ടിച്ചു


മറയൂര്‍: മറയൂര്‍ കോളനിയില്‍ വീണ്ടും മോഷ്ടാക്കള്‍ വീടിനുള്ളില്‍ കയറി സ്വര്‍ണ്ണമാല മോഷ്ടിച്ചു കടന്നു. പത്തടിപ്പാലത്ത് ശശികലയുടെ വീട്ടില്‍ നിന്നുമാണ് എട്ടുമാസം ഗര്‍ഭിണിയായ മകള്‍ നിത്യയുടെ താലിമാല മോഷണം പോയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മാസങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയിട്ട് നാല് ദിവസമേ ആകുന്നുള്ളൂ. പുറകുവശത്തെ വാതില്‍ തള്ളിത്തുറന്ന കയറിയ മോഷ്ടാവ് ശശികലയും നിത്യയും കിടന്ന മുറിയുടെ അലമാര തുറന്നാണ് മോഷണം നടത്തിയത്. ഈ സമയത്ത് ചെറിയ അനക്കം കേട്ടിരുന്നെങ്കിലും പ്രദേശത്ത് വീശിയടിച്ച കാറ്റിന്റെ ശബ്ദവും വൈദ്യുതി ഇല്ലാത്തതും കാരണം പെട്ടെന്ന് ഉണര്‍ന്നെങ്കിലും ഒന്നും കാണാനായില്ലെന്ന് ശശികല പറയുന്നു.
പിന്നീട് നോക്കുമ്പോഴാണ് ആരോ ഓടുന്നത് കണ്ടത്. ഉടൻ തന്നെ അലമാരയില്‍ നോക്കിയപ്പോള്‍ മാല കാണുന്നില്ലായിരുന്നു. അപ്പോള്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി വരികയാണ്. ഗര്‍ഭിണിയായതിനാല്‍ മാല ദേഹത്ത് കുത്തുമെന്നതിനാല്‍ ദിവസവും ഊരി വച്ചിട്ട് കിടക്കുന്നതാണ് പതിവ്. എന്നും ഇങ്ങനെ ഊരി അലമാരയില്‍ വച്ച സ്വര്‍ണ്ണ മാലയാണ് മോഷണം പോയതെന്നും ശശികല പറഞ്ഞു.