പ്രളയക്കെടുതി ഹിമാചൽപ്രദേശിൽ മരണം 91 ദില്ലിയിൽ ചെങ്കോട്ട അടച്ചു കര കവിഞ്ഞ് യമുന
ദില്ലി: പ്രളയക്കെടുതിയുടെ ദുരിതത്തിൽ ഹിമാചൽ പ്രദേശും ദില്ലിയും. ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കത്തിൽ മരണം 91 ആയി. ജൂൺ 24 മുതൽ ജൂലൈ 13 വരെയുള്ള കണക്കാണിത്. ദില്ലിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ചെങ്കോട്ട അടച്ചു. മറ്റന്നാൾ വരെ സന്ദർശനം അനുവദിക്കില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ദില്ലിയിൽ യമുന കര കവിഞ്ഞൊഴുകുകയാണ്. റോഡും മെട്രോയും മെട്രോയും വെള്ളത്തിൽ മുങ്ങി. ദില്ലിയിൽ നിന്ന് 25000 പേരെ ഒഴിപ്പിച്ചു. സർവ്വകലാശാലകൾക്കും സ്കൂളുകൾക്കും സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കും ഞായറാഴ്ച വരെ അവധിയാണ്.
വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിൽ ദില്ലി. അണക്കെട്ടുകളിൽ നിന്ന് കൂടൂതൽ വെള്ളം എത്തിയതോടെ യമുന നദിയിൽ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ദില്ലിയിലെ പ്രധാന റോഡുകൾ നദിക്ക് സമാനമായ സ്ഥിതിയിലാണ്. ഗതാഗതം പ്രധാന പാതകളിൽ തടസപ്പെട്ടു. നാല് മണി വരെ കൂടൂതൽ വെള്ളം യമുനയിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്.
നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം പലയിടത്തും നിലച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ സമീപ പ്രദേശങ്ങളും മുങ്ങി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയില്‍ ജലനിരപ്പ് ഉയരാൻ കാരണം. അതേസമയം, ദില്ലിയിൽ എൻ ഡി ആർ എഫിൻ്റെ കൂടൂതൽ സേനയെ വിന്യസിക്കാനൊരുങ്ങുകയാണ്. ആരോഗ്യ മേഖലയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഗുരുതര സാഹചര്യത്തിന് തയ്യാറായിരിക്കാനാണ് നിർദ്ദേശം. അനാവശ്യ യാത്ര ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകി.
അതേസമയം, സർവകലാശാലകൾ അടക്കം ദില്ലിയിൽ ഞാറാഴ്ച്ച വരെ അവധി പ്രഖ്യാപിച്ചു. ആവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രേം ഹോം സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. സ്വകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളുകളിലേക്ക് മാറ്റുവാനും തീരുമാനിച്ചു. ദില്ലിയിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു.