കുതിച്ചു കയറി പച്ചക്കറി വില
കുതിച്ചു കയറി പച്ചക്കറി വില. ഇഞ്ചി വില ജൂൺ അവസാന വാരത്തിലെ 230 രൂപയിൽ നിന്ന് 260-300 രൂപയിലേക്ക് കുതിച്ചു. ചെറിയ ഉള്ളിക്ക് വില 200 രൂപ വരെയായി. 100 രൂപയിൽ നിന്നാണ് രണ്ടാഴ്ച കൊണ്ട് വില 200 രൂപ ഉയർന്നത്. വെളുത്തുള്ളി വിലയും കിലോയ്ക്ക് 200-ന് അടുത്തെത്തി. തക്കാളി വില 140 രൂപയിൽനിന്ന് 120 രൂപയായി കുറഞ്ഞിട്ടുണ്ട്. പച്ചമുളക് വില 100-ൽ തുടരുകയാണ്.
മഹാരാഷ്ട്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ശക്തമായതോടെ വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള കാരണം. മഴ കാരണം ചെറിയ ഉള്ളി ചീഞ്ഞു പോകുന്നതും വിലക്കയറ്റത്തിന് കാരണമായി.
അതേസമയം, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കൊന്നും വില കൂടിയിട്ടില്ല. സവാളയ്ക്ക് 22-26 രൂപയും ഉരുളക്കിഴങ്ങിന് 26-35 രൂപയുമാണ് വില. മുരിങ്ങക്കായ വില 60 രൂപയിൽനിന്ന് 42-55 രൂപയായി കുറഞ്ഞിട്ടുണ്ട്. ബീറ്റ്‌റൂട്ട്, വെണ്ടയ്ക്ക, കാരറ്റ് തുടങ്ങിയവയ്ക്കെല്ലാം വില 60 രൂപയോളമാണ്. ബീൻസിന് 77 രൂപ വരെ വിലയുണ്ട്.
ജീരകത്തിന്റെ മൊത്ത വിപണിയിൽ 550-600 രൂപയായിരുന്നത് 640-650 രൂപ വരെയായി വില ഉയർന്നിട്ടുണ്ട്. ചില്ലറ വിപണിയിൽ 900 രൂപ വരെയാണ് വില. പെരുംജീരകത്തിന് വില മൂന്നാഴ്ചകൊണ്ട് 350 രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 400 രൂപയിലധികമാണ് വില.