ജില്ലയിലെ ആദ്യ പട്ടയ അസംബ്ലി ദേവികുളത്ത് സംഘടിപ്പിച്ചു
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പട്ടയ മിഷന്‍ പരിപാടിയുടെ ഭാഗമായി ദേവികുളം നിയമസഭാ നിയോജക മണ്ഡലത്തിലെ ‘പട്ടയ അസംബ്ലി’ മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. അഡ്വ.എ.രാജ എംഎല്‍എ അദ്ധ്യക്ഷനായി. ജില്ലയിലെ ആദ്യ പട്ടയ അസംബ്ലിയാണ് ദേവികുളം മണ്ഡലത്തില്‍ നടന്നത്.
മണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍ പരിഹാരം കാണേണ്ട പട്ടയ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങള്‍, റവന്യൂ-വനം സംയുക്ത പരിശോധനയും തര്‍ക്ക പരിഹാരവും വേണ്ട പ്രശ്‌നങ്ങള്‍, കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിലെ നിയമ പ്രശ്‌നങ്ങള്‍, വിവിധ കോളനികളിലെ പട്ടയം, കൈവശ രേഖ എന്നിങ്ങനെ വിവിധ ഭൂമി പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ ഉന്നയിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പട്ടയ വിതരണത്തിനുളള തടസ്സങ്ങള്‍ നീക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകുമെന്നും എം.എല്‍.എ പറഞ്ഞു. നിയമ പ്രശ്‌നങ്ങള്‍ ഉളളതും നിയമഭേദഗതികള്‍ വേണ്ടതുമായ വിഷയങ്ങള്‍ ‘പട്ടയ അസംബ്ലി’ യുടെ ശുപാര്‍ശയോടെ പട്ടയ മിഷന്റെ ചുമതലയുളള ജില്ലാ-സംസ്ഥാനതല ദൗത്യസംഘങ്ങള്‍ക്കും സര്‍ക്കാരിനു മുന്നിലും സമര്‍പ്പിക്കും. ദേവികുളം താലൂക്കില്‍ കൈവശക്കാര്‍ക്ക് പട്ടയം നല്‍കേണ്ട ആയിരക്കണക്കിന് അപേക്ഷകള്‍ ഉളളത് തീര്‍പ്പാക്കുന്നതിന് പ്രത്യേക ഭൂമി പതിവ് ഓഫീസ് ആരംഭിക്കുന്നതിന്റെയും പട്ടയ സര്‍വ്വേയ്ക്ക് പ്രത്യേക ടീമിനെ നിയോഗിക്കണ്ടതിന്റെയും ആവശ്യകതയും യോഗം ചര്‍ച്ച ചെയ്തു.
മണ്ഡലത്തിന്റെ പരിധിയിലെ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തഹസില്‍ദാര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം – ദേവികുളം നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി മൂന്നാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അഡ്വ എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.