മഴയിൽ മുങ്ങി കേരളം;3 മരണം,12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്തുടനീളം ശക്തമായ മഴ. പാലക്കാട് വടക്കഞ്ചേരി, തൃശൂർ അരിപ്പാലം, പത്തനംതിട്ട അടൂർ എന്നിവിടങ്ങളിലായി 3 പേർ മരിച്ചു. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ ഒരാളെ കാണാതായി. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെലോ അലർട്ട് (ശക്തമായ മഴ) ഉണ്ട്.
ആലപ്പുഴ ജില്ലയിൽ 2 ദിവസത്തിനിടെ 75 വീടുകൾ തകർന്നു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കുട്ടനാട്ടിലും പെരിയാറിലും ജലനിരപ്പ് ഒരടിയോളം ഉയർന്നു.
മരം വീണ് കൊല്ലം – പുനലൂർ റെയിൽപാതയിൽ ഗതാഗതം സ്തംഭിച്ചു. മരം വീണ് കൊച്ചി പാലാരിവട്ടത്തും ആലപ്പുഴയിൽ രണ്ടിടത്തും ഇരുചക്ര വാഹന യാത്രക്കാർക്കു പരുക്കേറ്റു. അപകടാവസ്ഥയിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും പഞ്ചായത്തീരാജ് ആക്ട് അനുസരിച്ചു പഞ്ചായത്ത് സെക്രട്ടറിക്കും അധികാരമുണ്ടെന്നു റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു.
എറണാകുളം കണ്ണമാലി ഭാഗത്തു കടലേറ്റം രൂക്ഷമായി. വൈറ്റില– കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ സർവീസ് തടസ്സപ്പെട്ടു. ഇടുക്കിയിൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെ യാത്രകൾ നിരോധിച്ചു. ഇന്നലെ രാവിലെ വരെ ഉള്ള 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ചേർത്തലയിലാണ് – 150 മില്ലിമീറ്റർ.
*◻️6 ജില്ലകളിൽ അവധി*
കനത്ത മഴ കണക്കിലെടുത്ത് കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. പത്തനംതിട്ട ജില്ലയിലെയും ചെങ്ങന്നൂർ താലൂക്കിലെയും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
എംജി, കണ്ണൂർ, സാങ്കേതിക (കെടിയു) സർവകലാശാലകൾ ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഇന്ന് ആരംഭിക്കാനിരുന്ന ഒന്നാം വർഷ പിജി ക്ലാസുകൾ നാളെയേ ആരംഭിക്കൂ. മഴ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെങ്കിൽ തലേന്നു തന്നെ പ്രഖ്യാപിക്കണമെന്നു കലക്ടർമാരോടു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു.