“അതിരുവിട്ട് സംസാരിക്കുന്നു”; ‘ബിആർഎസ് ബിജെപിയുടെ ബി ടീം’ പരാമർശത്തിൽ രാഹുലിനെതിരെ കേന്ദ്രമന്ത്രി
തെലങ്കാനയിൽ മോദിയുടെ റിമോട്ട് കൺട്രോൾ ഭരണമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. കർണാടക തെരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ടുമാത്രമാണ് രാഹുൽ ഗാന്ധി അതിരുവിട്ട് സംസാരിക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിആർഎസുമായോ കോൺഗ്രസുമായോ ബിജെപി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബിആർഎസുമായി വിട്ടുവീഴ്ച ചെയ്താണ് കോൺഗ്രസ് തെലങ്കാനയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിആർഎസുമായോ കോൺഗ്രസുമായോ ഞങ്ങൾ (ബിജെപി) സഖ്യമുണ്ടാക്കില്ല. കർണാടക തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി പരിധികൾ മറികടക്കുകയാണ്’ – കിഷൻ റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ദിവസം ഖമ്മമിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ്, സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ “ബിജെപിയുടെ ബി ടീം” എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
‘തെലങ്കാനയിൽ കോൺഗ്രസും ബിജെപിയുടെ ബി ടീമായ ബിആർഎസും തമ്മിലുള്ള പോരാട്ടമാണ്. കർണാടകയിൽ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ, തെലങ്കാനയിലും അവരുടെ ബി ടീമിനെ പരാജയപ്പെടുത്തും’ – രാഹുൽ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധി ഖമ്മത്തിൽ നടത്തിയ പ്രസംഗം അടിസ്ഥാനരഹിതമാണെന്ന് ബിആർഎസ് നേതാവ് ദസോജു ശ്രവൺ പ്രതികരിച്ചു.
‘ഖമ്മം യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം നുണകളുടെ കൂമ്പാരമായിരുന്നു. തെലങ്കാനയിലെ കോൺഗ്രസ് പ്രവർത്തകർ തയ്യാറാക്കിയ തിരക്കഥയെ അടിസ്ഥാനമാക്കി, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചത്. ഇത് വളരെ ദൗർഭാഗ്യകരമാണ്’ – ശ്രാവൺ പറഞ്ഞു.