ഒരു പഴയ കല്യാണകാർ ഡെക്കറേഷൻ നൊസ്റ്റു;സിജോ ഇടക്കാട്ടു എഴുതുന്നു…✒️
പണ്ടേ കല്യാണ വീടുകളിൽ, കല്യാണത്തിന് മുന്നോടിയായി ചില അലങ്കാരപണികൾ ഉണ്ടായിരുന്നു…പ്രത്യേകിച്ചും മണവാളന്റെയോ മണവാട്ടിയുടെയോ പോകാനുള്ള വാഹനം അലങ്കരിക്കുന്ന പരിപാടി..
തലേ ദിവസത്തെ ഭക്ഷണ പരിപാടി കഴിഞ്ഞാൽ പിന്നെ ചേരി തിരിഞ്ഞുള്ള ഓരോ ജോലികൾ ആണ്..
ഭക്ഷണം വെയ്ക്കാനുള്ളവരുടെ തിരക്ക്… ചീട്ട് കളിക്കുന്നവരുടെ കൂട്ടം..പാട്ട് പാടുന്ന കൂട്ടം, പിറ്റേദിവസത്തേക്ക് ചൂടാനുള്ള
മുല്ലപ്പൂ , പട്ടത്തിപ്പു എന്നിവയുടെ മാലകോർക്കൽ..പന്തൽ അലങ്കാരം..ഒപ്പം ചെറുക്കനോ പെണ്ണിനോ പോകാനുള്ള കാറിൽ വെക്കാനുള്ള പൂവും മറ്റു അലങ്കാരങ്ങളുടെയും… നിർമ്മാണം..ഇന്നത്തെ പോലെ കാർ ഡെക്കറേഷൻ ടീമുകൾ ഒന്നുമില്ല…ആകെയുള്ള അംബാസിഡർ കാറിന്റെ ചുറ്റും റോസാ പൂവ് ഒട്ടിച്ചു വെക്കുക കാറിന്റെ പുറകിലെ ഗ്ലാസിൽ പേര്.. ഇത്രയേ ഉള്ളു എന്നാൽ പേര് എഴുതുന്ന കാര്യം അത്ര നിസ്സാരമല്ല…
ആദ്യം ഒരു പേപ്പറിൽ പേരെഴുതി ഒട്ടിച്ച് സെറ്റ് ചെയ്ത് പിന്നീടത് കാറിന്റെ പിറകിൽ ഒട്ടിക്കുമായിരുന്നു.. എന്നാൽ ആ ഒരു കാലയളവിൽ തന്നെ തെർമോകോൾ ഷീറ്റുകൾ വന്നതോടെ പിന്നെ അതിൽ പേര് എഴുതി, വെട്ടി എടുത്ത് ഉപയോഗിക്കുന്ന രീതിയിലുമായി…
ഗിൽറ്റ് പോലുള്ള സാധനങ്ങൾ ലഭ്യമായതോടെ പേരിന്റെ അക്ഷരങ്ങൾ മുറിച്ചെടുത്തു അതിൽ ഓരോന്നിലും പശ തേച്ച്, വിവിധ നിറത്തിലുള്ള ഗിൽറ്റുകൾ വിതറി കളർഫുൾ ആക്കുന്ന സംഭവം…. എന്നാൽ അത് ചെയ്യാൻ ഒട്ടും എളുപ്പമല്ലായിരുന്നു… ഒന്നാമത് പേര് വെട്ടി എടുക്കണം… പിന്നീട് കളർ വിതറണം…. അവസാനം ഇതെല്ലാം കണ്ടിരിക്കുന്നവരുടെയും ചെയ്തവരുടെയുമെല്ലാം മുഖത്തും കയ്യിലുമെല്ലാം കഴുകിയാലും കുളിച്ചാലും പോകാത്ത അത്രയ്ക്കും ഗിൽറ്റ് ആയിരിക്കും..
നവദമ്പതികൾക്കുള്ള വെള്ള അമ്പാസിഡറിൽ മുൻ വശത്തും ചുറ്റിലും, ഗ്ലാസിലും എവർ ഗ്രീനിന്റെ ഇലകളും കടലാസു കൊണ്ടുണ്ടാക്കിയ റോസപ്പൂവും കൊണ്ടുള്ള അലങ്കാരമായിരുന്നു പതിവ്..അന്നത്തെ കാലത്ത് മിക്ക വീടുകളിലും എവർ ഗ്രീൻ ചെടി നട്ടു വളർത്തുമായിരുന്നു…ഇല്ലാത്തവർ അടുത്തുള്ള എവിടെനിന്നെങ്കിലും ഇതളുകൾ പറിച്ചുകൊണ്ടുവന്നു വെള്ളം തളിച്ച് വെക്കും…. രാവിലെ അതിലെ മൂന്നോ നാലോ ഇതലെടുത്തു അതിനുമുകളിലായി മൂന്ന് ചൈനപേപ്പർ കൊണ്ടുണ്ടാക്കിയ ചുമന്ന റോസാപ്പൂ വച്ചുകെട്ടി സെല്ലോ ടേപ്പ് കൊണ്ട് വണ്ടിയുടെ ഡോറിലും, ഗ്ലാസിലും ഒക്കെ ആയി ചുറ്റും ഒട്ടിക്കും…പിന്നീട് എപ്പോഴോ കാറിന്റെ മുകളിലൂടെ മുന്നിലെ ബംബറിൽ നിന്നും പുറകിലെ ബംബറിലോട്ട് കളർ റിബൺ വലിച്ചു കെട്ടുന്ന ഒരു ട്രെൻഡ് കൂടി വന്നിരുന്നു…കല്യാണത്തിന് വരുന്ന ക്രാഫ്റ്റ് വർക്ക് അറിയാവുന്ന ആരേലും ആണ് പൂവിന്റെയും പന്തലിനു താഴെ കെട്ടുന്ന വെള്ളത്തുണിയിൽ ചെയ്യുന്ന അലങ്കാരത്തിന്റെയും ചുമതല…ചെറുക്കന്റെയും പെണ്ണിന്റെയും ഇരിപ്പടത്തിനു മുകളിലായി ചൈന പേപ്പറും വർണ്ണക്കടലാസും ബലൂണും കൊണ്ടുള്ള ഒരു മനോഹര സൃഷ്ടി ഒരുക്കിയിട്ടുണ്ടാവും..
പൈസക്കാരുടെയും സാധാരണക്കാരന്റെയും കല്യാണ വണ്ടികളുടെ അലങ്കാര വസ്തുക്കൾ ഏറെകുറെ ഒരുപോലെ ആയിരുന്നു…എന്നാൽ പിന്നീട് ഓർക്കിഡ് പൂവുകളുടെ വരവോടെ പണക്കാരുടെ കല്യാണവണ്ടികളുടെ അലങ്കാരം അതു ഉപയോഗിച്ചായി…അലങ്കാര പണികളും മറ്റും ആരെയും ഏൽപ്പിക്കാതെ വീട്ടിലുള്ള പെണ്ണുങ്ങളും കുട്ടികളും ഏറ്റെടുത്ത് നടത്തുമായിരുന്നു.. ഇന്നത്തെ പോലെ വണ്ടികൾ കടകളിൽ കൊടുത്ത് അലങ്കരിക്കുന്ന കാലത്തെ പറ്റി ആരും ആലോചിച്ച് കൂടിയുണ്ടാവില്ല…
മറ്റുള്ളവർക്ക് സഞ്ചരിക്കാൻ ജീപ്പുകൾ അല്ലെങ്കിൽ മറ്റഡോറിന്റെ വാൻ.. ഇത്രയുമാണ് വാഹനങ്ങൾ ഉണ്ടായിരുന്നത്… അതും പരമാവധി ആളുകളെ കൊള്ളിച്ച് തിക്കി തിരുകി ഒരു പോക്കാണ്….. മുതിർന്നവർ ജീപ്പിന്റെ പുറകിൽ തൂങ്ങി കിടക്കും…ഈ വണ്ടികൾക്കൊന്നും അലങ്കാരപ്പണികൾ ആവശ്യമില്ലായിരുന്നു…ആകെയുള്ളത് കല്യാണത്തിന് വന്ന സ്ത്രീകളുടെയും കുട്ടികളുടെയും തലയിലെ മുല്ലപ്പൂവ് മാത്രം.. അത് കൊണ്ട് തന്നേ ജീപ്പിലൊക്കെ ഇരിക്കുമ്പോൾ മുല്ലപ്പൂവിന്റെ വാസന ഇങ്ങനെ പരന്നു നിൽക്കും…. പിന്നീട് തെർമോകോൾ അക്ഷരങ്ങൾ കളറിൽ വന്നതോടെ ആവശ്യമുള്ള പേര് കടയിൽ നിന്നും ചോദിച്ച് വാങ്ങിയാൽ മാത്രം മതിയായിരുന്നു…
എത്ര നന്നായി ഒട്ടിച്ചാലും കല്യാണം കഴിഞ്ഞു വരുമ്പോഴേക്കും മിക്കവാറും പൂക്കളും തെർമോക്കോളുമെല്ലാം പലവഴിക്കായിട്ടുണ്ടാവും…അല്ലേൽ ആരേലും എടുത്തുകൊണ്ടു പോയിട്ടുണ്ടാവും…കുറച്ചുകാലം കഴിഞ്ഞപ്പോ പിന്നീട് പേര് എഴുതി ഒട്ടിക്കുന്നതായി, ഫോട്ടോ ഉള്ളതായി, പേപ്പർ പ്രിന്റ്റുകൾ ആയി… അങ്ങനെയങ്ങനെ കാലങ്ങൾക്കനുസരിച്ചുള്ള മാറ്റം വന്നുകൊണ്ടേയിരുന്നു…
എന്നാലും ഇടയ്ക്കൊക്കെ പഴയ അംബാസിഡറും, ജീപ്പും, മുല്ലപ്പൂവിന്റെ മണവും… നെറ്റിയിലെ കളഭ കുറിയും, ചെറുനാരങ്ങയും പിന്നേ ചെറുതാണെന്ന് തോന്നുമെങ്കിലും അന്നത്തെ കല്യാണങ്ങൾക്ക് പിറകിൽ ഉണ്ടായിരുന്ന അധ്വാനവും …അങ്ങനെ മങ്ങിയ ചില കല്യാണ ചിത്രങ്ങളും ഇടയ്ക്കൊക്കെ മനസ്സിൽ ഇങ്ങനെ ഉണർന്നു വരും …
ഇന്ന് ആഡംബര കാറുകളിൽ പതിനായിരവും , അതിനുമുകളിലും രൂപയ്ക്കു സ്പെഷ്യൽ ആയി പറഞ്ഞു ചെയ്യിപ്പിച്ച വിവിധ അകൃതിയിലും വർണ്ണത്തിലും ഉള്ള അലങ്കാരങ്ങൾ ചെയ്യുന്നപുതിയ തലമുറയ്ക്ക് ഇതൊക്കെ മനസ്സിലാകുമോ എന്നറിയില്ല എന്നാലും പഴയ പാതി നശിച്ചു പോയ ആൽബങ്ങൾ ഒന്ന് മറിച്ചു നോക്കിയാൽ കാണാം നിങ്ങൾക്ക് മുൻപ് .കടന്നുപോയ ഒരു കാലഘട്ടത്തിന്റെ കുറേ ഓർമ്മകളും മൺമറഞ്ഞ മുഖങ്ങളും….