തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും, ജൂലൈ രണ്ടിന് എത്തും


ജൂലൈ രണ്ടിന് തെലങ്കാനയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും.ബിആർഎസ് ആണ് തെലങ്കാനയിൽ മുഖ്യ എതിരാളിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഖമ്മം ജില്ലയിൽ നിന്ന് ജൂലൈ രണ്ടിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് ആരംഭിക്കുക. കർണാടകയിലേതിന് സമാനമായി രാഹുൽ ഗാന്ധി പ്രചാരണ പരിപാടികൾക്കാകും തുടക്കം കുറിക്കുക. ഭരണകക്ഷിയായ ബിആർഎസുമായാണ് തെലങ്കാനയിൽ പോരാട്ടം എന്ന് കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ ബിജെപിയോട് വ്യക്തി താൽപര്യങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സഹകരിക്കുമെന്ന് ഉറപ്പാണ് എന്നും തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി വിഷ്ണു നാഥ് ആരോപിച്ചു. തിങ്കളാഴ്ച ബിആർഎസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ള 35 പേര് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വെച്ച് കോൺഗ്രസ് അംഗത്വം നൽകിയിരുന്നു. വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വൈഎസ് ശർമിളയുമായും കോൺഗ്രസ് ചർച്ചകൾ നടത്തിവരികയാണ്.