വായനശീലം സാംസ്‌കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
വായനശീലം മികച്ച സാംസ്‌കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെയും മികച്ച പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം നമ്മള്‍ വളര്‍ത്തിയെടുത്ത വായനശീലമാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്തെ മഹത്തായ നേട്ടങ്ങളിലൊന്നായി വായനശീലത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പി എന്‍ പണിക്കര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. അക്കാദമിക മികവ് മാത്രമല്ല പ്രധാനമെന്നും സാമൂഹികമായ വളര്‍ച്ചയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്ന് തരാന്‍ വായനയ്ക്ക് സാധിക്കുമെന്നും മന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മപ്പെടുത്തി.
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ ജി സത്യന്‍ വായനദിന സന്ദേശം നല്‍കി.
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് പ്രശസ്ത സാഹിത്യകാരന്‍ ഐ വി ദാസ് അനുസ്മരണദിനമായ ജൂലൈ 7 ന് സമാപിക്കുന്ന വായനാപക്ഷാചരണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ലാ ലൈബ്രറി കൗണ്‍സിലും പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
സ്‌കൂളില്‍ വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും ഹയര്‍ സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങില്‍ നടന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദര്‍ശനവും ഒരുക്കി.
കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ഗ്രാമപഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ് അജിത് കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ യാസിര്‍ ടി എ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി ജെ സേവിയര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിന്ധു എസ് നായര്‍, എച്ച്എം ഇന്‍ ചാര്‍ജ് ഓമന, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. കെ സോമന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജയശ്രീ സി കെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.