പിതാവും മകളും കിടപ്പുരോഗികളും അമ്മയും മകനും രോഗികളുമായ നാലംഗ നിർധന കുടുംബം ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാവാതെ വലയുന്നു
കാമാക്ഷി പഞ്ചായത്തിലെ നെല്ലിപ്പാറ മൂക്കൻതോട്ടത്തിൽ സുനിലും(52) ഭാര്യ ബിന്ദുവും(48) മക്കളായ സുബിനും(22) സാന്ദ്രയും(18) ആണ് ബുദ്ധിമുട്ടുന്നത്. ചായക്കട നടത്തിയിരുന്ന സുനിലിന് കാഴ്ച നഷ്ടമായതോടെ കടയുമായി മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണ്.
കരൾ രോഗത്തിനൊപ്പം സുനിലിന് ഹൃദയാഘാതവും സ്ട്രോക്കുമുണ്ടായി. ഇരുവൃക്കകളും തകരാറിലായതോടെ ആഴ്ചയിൽ 2 തവണ ഡയാലിസിസ് ചെയ്യണം. 24 മണിക്കൂറും ഓക്സിജൻ ആവശ്യമാണ്. മകൾ സാന്ദ്ര 9 വർഷമായി അമിത വണ്ണം, സ്ലീപ്പ് അപ്പിനിയ, ആസ്മ, യൂറോളജി എന്നീ അസുഖങ്ങൾക്ക് ചികിത്സയിലാണ്. കിടപ്പുരോഗിയായി മാറിയ സാന്ദ്രയ്ക്കും 24 മണിക്കൂറും ഓക്സിജൻ ആവശ്യമാണ്. അമിത ഭാരം, അമിത വണ്ണം, സ്ലീപ്പ് അപ്പിനിയ, ആസ്മ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ബാധിച്ച സുബിനും ചികിത്സയിലാണ്. നട്ടെല്ല് സംബന്ധമായ രോഗങ്ങളും ശ്വാസകോശം ചുരുങ്ങുന്നതുമൂലമുള്ള ശ്വാസതടസ്സവും ബിന്ദുവിനെയും അലട്ടുന്നു.
ചികിത്സയ്ക്കും മറ്റുമായി ഇതിനോടകം വൻ തുക ചിലവായി. ബാങ്ക് വായ്പയടക്കം 24 ലക്ഷത്തിലധികം രൂപയാണ് ഈ കുടുംബത്തിന്റെ ബാധ്യത. ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ കിടപ്പാടം ജപ്തി ഏതു നിമിഷവും ജപ്തി ചെയ്യപ്പെടാവുന്ന സ്ഥിതിയിലാണ്. എല്ലാവരുടെയും ചികിത്സയ്ക്കായി ഒരുമാസം ഏകദേശം ഒന്നരലക്ഷത്തിലധികം രൂപ കണ്ടെത്തണം. പണമില്ലാത്തതിനാൽ ഇപ്പോൾത്തന്നെ ചികിത്സ മുടങ്ങിയ നിലയിലാണ്.
ഈ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കി പ്രദേശവാസികളുടെ നേതൃത്വത്തിൽ ഇവരെ സഹായിക്കാനുള്ള ശ്രമം നടത്തിവരുകയാണെന്ന് കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ഇരട്ടയാർ പഞ്ചായത്തംഗം ആനന്ദ് സുനിൽകുമാർ, സിബി കുര്യൻ എന്നിവർ പറഞ്ഞു. സഹായം പ്രതീക്ഷിച്ച് സാന്ദ്ര സുനിലിന്റെ പേരിൽ യൂണിയൻ ബാങ്ക് തങ്കമണി ശാഖയിൽ 4277 0201 0015 130 എന്ന നമ്പരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ് സി കോഡ്: യുബിഐഎൻ0542776. ഗൂഗിൾപേ നമ്പർ: 9142867580.