പനിച്ച് വിറച്ച് കേരളം; 13 ദിവസത്തിനിടെ ചികില്‍സ തേടിയത് ഒരു ലക്ഷംപേര്


മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പനി പടരുകയാണ്. 13 ദിവസത്തിനിടെ ഒരു ലക്ഷം പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. വിവിധ പനികള്‍ ബാധിച്ച് 14 പേര്‍ മരിച്ചു. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ജീവനെടുക്കുന്നത്. പനി നിസാരമായി കാണരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുകയാണ്. കൊച്ചിയിൽ വെസ്റ്റ് നൈൽ പനിബാധിച്ച് ഒരാള്‍ മരിച്ചെന്ന് സംശയം. കുമ്പളങ്ങി സ്വദേശിയായ 65കാരനാണു മെഡിക്കൽ കോളേജിൽ ചികില്‍സയിലിരിക്കെ മരിച്ചത്.
മഴക്കാലമായതോട വിവിധ പനികളും സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. ഇന്നലെ മാത്രം പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് 10060 പേരാണ്. ഈ മാസം സാധാരണ പനിക്ക് ചികില്‍സ തേടിയവര്‍ മാത്രം 98655 പേര്‍. ഒരു മരണം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതല്‍ അപകടകാരികള്‍. ഇന്നലെ മാത്രം 63 പേര്‍ക്ക്് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 148 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികില്‍സ തേടി.
13 ദിവസത്തിനിടെ 586 പേര്‍ക്ക് രോഗം ബാധിച്ചു. 1783 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലാണ്.
കൊതുകുപരത്തുന്ന രോഗം 8 പേരുടെ ജീവനെടുത്തു. എലിപ്പനിക്കേസുകളും കൂടുന്നു. ഇന്നലെ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ നാല് പേര്‍ ലക്ഷണങ്ങളുമായി ചികില്‍സ തേടി. ഒരു മരണം സ്ഥിരീകരിച്ചു . ഈ മാസം മാത്രം 5 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ വര്‍ഷം 25 എലിപ്പനി മരണങ്ങളുണ്ടായി. കൊതുകിന്റെ ഉറവിട നശീകരണം നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പനിക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്കിയ ആരോഗ്യവകുപ്പ് സ്വയം ചികില്‍സ നടത്തരുതെന്നും മുന്നറിയിപ്പ് നല്കി.