മൂന്നാറിൽ നിർമാണാനുമതി വിലക്കുമായി ഹൈക്കോടതി


മൂന്നാർ മേഖലയിൽ മൂന്നോ അതിൽ കൂടുതലോ നിലയുള്ള കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകുന്നത് ഹൈക്കോടതി വിലക്കി. മൂന്നാറിലെ വിഷയങ്ങൾ പരിഗണിക്കാൻ പ്രത്യേകമായി രൂപീകരിച്ച ബെഞ്ചിന്റേതാണ് ഉത്തരവ്. മൂന്നാറിൽ കെട്ടിട നിർമ്മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയടക്കം പരിഗണിച്ചാണ് ഹൈക്കോടതിയുടെ കർശന ഇടപെടൽ. മൂന്നോ അതിൽ കൂടുതലോ നിലയുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി നൽകുന്നത് രണ്ടാഴ്ചത്തേക്ക് വിലക്കിക്കൊണ്ടാണ് ഇടക്കാല ഉത്തരവ്. മൂന്നാർ പ്രദേശത്തുള്ള 9 പഞ്ചായത്തുകളിലാണ് നിയന്ത്രണം. ഹർജികളിൽ ഈ പഞ്ചായത്തുകളെ കൂടി കക്ഷി ചേർത്തു. വിഷയത്തിൽ അഡ്വക്കറ്റ് ഹരീഷ് വാസുദേവിനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു. മൂന്നാറിൽ പാരിസ്ഥിതികാഘാത പഠനം നടത്താൻ ഏത് ഏജൻസിയെ നിയോഗിക്കണമെന്ന് പ്രത്യേകം അറിയിക്കാൻ സർക്കാരിനും അമിക്കസ് ക്യൂറിക്കും കോടതി നിർദ്ദേശം നൽകി.
മൂന്നാർ വിഷയങ്ങൾ പരിഗണിക്കാൻ ഇന്ന് രൂപീകരിച്ച പ്രത്യേക ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരുടേതാണ് ബെഞ്ച്. മൂന്നാർ വിഷയത്തിൽ നിരവധി കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക ബഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. പരിസ്ഥിതി, കയ്യേറ്റ വിഷയങ്ങൾ അടക്കമുള്ളവ പുതിയ ബെഞ്ച് ഇനിമുതൽ പരിഗണിക്കും..