അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം : ബോധവല്‍ക്കരണവും സംയുക്ത പരിശോധനയും നടത്തി


അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് , പോലീസ്, തൊഴിൽ വകുപ്പ് , വനിതാ ശിശുവികസന വകുപ്പ് – ശരണ ബാല്യം പദ്ധതി എന്നിവയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം, ഉടുമ്പൻചോല മേഖലയിലെ തോട്ടങ്ങളിൽ സoയുക്ത പരിശോധനയും ബോധവൽക്കരണവും നടത്തി. ദിനാചരണത്തിന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്കായി നെടുങ്കണ്ടത്ത് ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. കുട്ടികളെ തോട്ടം മേഖലയിൽ ജോലിക്കായി നിയോഗിക്കുന്നുണ്ടോ എന്നത് പരിശോധിക്കുന്നതിനായിട്ടാണ് വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുളള കർമ്മ പദ്ധതികളുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിശോധനയിൽ ബാലവേല കണ്ടെത്തിയിട്ടില്ലന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്യാംപെയിൻ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ ജില്ലയിലെ വിവിധ തൊഴിൽ മേഖലകളിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫിസർ നിഷ വി ഐ അറിയിച്ചു. ജൂൺ ഒൻപതിന് ജില്ലാ കളക്ടർ ഷീബാ ജോർജ് വിളിച്ചു ചേർത്ത ആലോചനാ യോഗത്തിലെ തീരുമാനപ്രകാരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തോട്ടം , നിർമ്മാണ മേഖലകൾ തുടങ്ങിയ തൊഴിൽ മേഖലകളിൽ പരിശോധന നടത്തുവാനും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാനും നിശ്ചയിച്ചിരുന്നു. നെടുങ്കണ്ടം ,ഉടുമ്പഞ്ചോല പ്രദേശങ്ങളിലെ തോട്ടങ്ങളിൽ ഇന്ന് പരിശോധന നടത്തി. ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ പരിപാടികൾക്ക് എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ലാ ശിശു സംരക്ഷണ ഓഫിസർ നിഷ വി.ഐ, ആന്റി ഹ്യൂമൻ ട്രാഫിക് യൂണിറ്റ് സബ് ഇൻസ്പെക്ടർ ടോമിച്ചൻ കെ. പി, നെടുങ്കണ്ടം അസിസ്റ്റന്റ് ലേബർ ഓഫിസർ അരുൺ എസ്, ശാന്തൻപാറ അസിസ്റ്റന്റ് ലേബർ ഓഫിസർ സാവിത്രി കെ.കെ, ശരണബാല്യം പദ്ധതി റെസ്ക്യൂ ഓഫീസർ അനന്തു ശിവൻ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ് , സോഷ്യൽ വർക്കർ അമലു മാത്യു എന്നിവർ നേതൃത്വം നൽകി. ബോധവൽക്കരണ പരിപാടിയിൽ മേഖലയിലെ തോട്ടം ഉടമകൾ, തോട്ടം മാനേജർമാർ, . അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഉടുമ്പൻചോല പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥനായ സെയ്ത് മുഹമ്മദ് ക്ലാസുകൾ നയിച്ചു. ജൂൺ 12 മുതൽ 20 വരെയാണ് ജില്ലയിൽ വിപുലമായ ബാലവേല വിരുദ്ധ വാരാചരണം സംഘടിപ്പിച്ചിട്ടുള്ളത്.