ഓഫീസിൽ വരാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ
നിയമങ്ങൾ പാലിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ഗൂഗിൾ. കമ്പനി അതിന്റെ ഹൈബ്രിഡ് വർക്ക് പോളിസി അപ്‌ഡേറ്റ്ചെയ്ത ശേഷം സ്ഥിരമായി ഓഫീസിൽ വരാത്ത ജീവനക്കാർക്കെതിരെയാണ് നടപടി. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസിൽ വരണം. ജീവനക്കാരുടെ ഹാജർ പരിശോധിക്കുമെന്നും ഓഫീസിൽ എത്താത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗൂഗിൾ അറിയിച്ചു. ഔദ്യോഗിക ഇമെയിൽ വഴി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നും ഗൂഗിളിന്റെ ചീഫ് പീപ്പിൾ ഓഫീസർ ഫിയോണ സിക്കോണി അറിയിച്ചു.
ഗൂഗിളിന്റെ കമ്മ്യൂണിറ്റിയുമായി കൂടുതൽ ബന്ധമുണ്ടാകണമെങ്കിൽ ഓഫീസിൽ എത്തിയെ തീരു. ഓഫീസിന് അടുത്തുള്ളവർക്കും ദൂരെയുള്ളവർക്കും ഹൈബ്രിഡ് വർക്ക് ഷെഡ്യൂളിലേക്ക് മാറാം. ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരാൻ ഗൂഗിൾ ശക്തമായ ശ്രമം നടത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. തുടക്കത്തിൽ ഓഫീസിലേക്ക് മടങ്ങാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഗൂഗിൾ വിവിധ തന്ത്രങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. സംഗീതകച്ചേരികൾ, മാർച്ചിംഗ് ബാൻഡുകള്‍ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇപ്പോൾ നിയമനടപടികൾ കർശനമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കുതിക്കാനുള്ള ഗൂഗിളിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ പോലുള്ള കമ്പനികളിൽ നിന്ന് ശക്തമായ മത്സരം ഗൂഗിൾ ഇപ്പോൾ അഭുമുഖീകരിക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനിയുടെ പദ്ധതികളും ആശയങ്ങളും സംരക്ഷിക്കുന്നതിനായും ഗൂഗിൾ നടപടികൾ കൈകൊള്ളുന്നുണ്ട്. കമ്പനിക്കുള്ളിൽ അനധികൃതമായി വിവരങ്ങൾ പങ്കിടുന്നതിനും ഗൂഗിൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.