പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാലവർഷം ശക്തി പ്രാപിക്കുന്നു; അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോർജോയ് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടർന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കും ജൂൺ 13 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.