നക്ഷത്രയുടെ കൊലപാതകം; പ്രതിയായ പിതാവ് ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു
മാവേലിക്കരയിൽ ആറ് വയസുകാരിയായ മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് വൈകിട്ടാണ് മാവേലിക്കര കോടതി ശ്രീമഹേഷിനെ റിമാൻഡ് ചെയ്തത്. മാവേലിക്കര സബ്ജയിലിൽ എത്തിച്ച പ്രതി അവിടെ വച്ച് സ്വയം കഴുത്തു മുറിക്കുകയായിരുന്നു. ശ്രീമഹേഷിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയുടെ നില അതീവ ഗുരുതരമാണ്. ചോദ്യ ചെയ്യുന്ന വേളയിൽ പരസ്പരവിരുദ്ധമായി സംസാരിച്ച ശ്രീമഹേഷ് ചോദ്യംചെയ്യലിനോട് സഹകരിച്ചിരുന്നില്ല. പ്രതിയെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു. പത്തിയൂരുള്ള അമ്മയുടെ വീട്ടിൽ പോകണമെന്ന് നക്ഷത്ര വാശി പിടിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകമെന്ന് വിവരമുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. ഇതും കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ടുവർഷം മുൻപ് ജീവനൊടുക്കിയിരുന്നു. ഈ കേസിൽ ശ്രീമഹേഷിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കാൻ നീക്കമുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച മഴു തെളിവെടുപ്പിനിടെ വീടിനുള്ളിൽ നിന്ന് കണ്ടെത്തി. പോസ്റ്റുമോർട്ടം പൂർത്തിയായ നക്ഷത്രയുടെ മൃതദേഹം മാതാവിന്റെ ബന്ധുക്കൾക്ക് വിട്ട് നൽകി. നാളെ രാവിലെ അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടിലാണ് നക്ഷത്രയുടെ സംസ്കാരം.