മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ മണിക്ക് തുറന്നു;തീരത്ത് ജാഗ്രതാ നിര്‍ദേശം
മലങ്കര ഡാമിന്റെ സ്പില്‍വേ റിസര്‍വോയറിലെ ആറ് ഷട്ടറുകള്‍ തുറന്ന് വിട്ടു. ആറ് ഷട്ടറുകളും പരമാവധി 1 മീറ്റര്‍ വരെ ഉയര്‍ത്തി 234.918 ക്യുമെക്‌സ് ജലമാണ് തൊടുപുഴയാറിലേക്ക് ഒഴുക്കി വിടുക. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനാലും കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴ കാരണവും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും കൂടുതലായി ജലം എത്തുന്നത് മൂലവും ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ നിലവിലെ ജലനിരപ്പ് 40.62 മീറ്ററാണ്. ഇത് 39.50 ആയി ക്രമീകരിക്കുന്നതിനാണ് നാല് ഷട്ടറുകള്‍ കൂടി തുറന്നത്. നിലവില്‍ രണ്ടു ഷട്ടറുകള്‍ 50 സെ. മീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുഴയിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ അടിയന്തിര സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.