ചെമ്പകപ്പാറയില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപക കൃഷിനാശം
ചെറുതോണി: ചെമ്പകപ്പാറയില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപക കൃഷിനാശം. മുളക്കല്‍ ബേബിയുടെ പുരയിടത്തിലും സമീപ പ്രദേശങ്ങളിലുമാണ് കൂട്ടമായെത്തുന്ന വെട്ടുക്കിളികള്‍ നാശം വിതക്കുന്നത്.കൊന്നത്തടി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ടതാണ് ഈ പ്രദേശം.
വെട്ടുക്കിളികള്‍ കൃഷിയിടങ്ങളില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ചിന്നാര്‍, ചെമ്ബകപ്പാറ, പെരിഞ്ചാംകുട്ടി, സേനാപതി പ്രദേശങ്ങളില്‍ കര്‍ഷകര്‍ ആശങ്കയിലാണ്. കാട്ടുപന്നിയുടെയും പുലിയുടെയും ഭീഷണി നിലനില്‍ക്കുന്ന മേഖലയിലാണ് കൃഷിയിടങ്ങളില്‍ വെട്ടുക്കിളി ശല്യം രൂക്ഷമായത്.
വാഴ, മുരിക്ക് തുടങ്ങി പച്ചിലകള്‍ മുഴുവൻ നിമിഷനേരം കൊണ്ടാണ് കൂട്ടമായെത്തുന്ന വെട്ടുക്കിളികള്‍ തിന്നു തീര്‍ക്കുന്നത്. മുൻവര്‍ഷങ്ങളില്‍ ഈ പുരയിടങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്‍റേഷന്‍റെ ഉള്ളിലും വെട്ടുക്കിളികള്‍ വ്യാപകമായി എത്തിയിരുന്നു. കൂടുതല്‍ കൃഷിയിടങ്ങളിലേക്ക് അക്രമം വ്യാപിക്കുംമുമ്ബ് സര്‍ക്കാറും കൃഷി വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ പറയുന്നു.