മുരിക്കാശ്ശേരി-തോപ്രാംകുടി-തങ്കമണി ബസ് സര്‍വിസ് നിലച്ചത് യാത്രക്കാരെ വലക്കുന്നു
ചെറുതോണി: മുരിക്കാശ്ശേരി-തോപ്രാംകുടി-തങ്കമണി ബസ് സര്‍വിസ് നിലച്ചത് യാത്രക്കാരെ വലക്കുന്നു. ഒരു ഡസനോളം കുടിയേറ്റ ഗ്രാമങ്ങളെ കോര്‍ത്തിണക്കിയായിരുന്നു സര്‍വിസ്. കോവിഡ് വന്നതോടെ ഇതുവഴിയുള്ള ബസ് നാമമാത്രമായി. നാട്ടുകാരുടെ ആശ്രയം ഓട്ടോകളും ട്രിപ്പ് ജീപ്പുകളുമാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനം കാത്തുനിന്നാല്‍ ലഭിക്കുകയുമില്ല.
വിദ്യാര്‍ഥികളുടെ കാര്യമാണ് ഏറെ കഷ്ടം. മുരിക്കാശ്ശേരി, തോപ്രാംകുടി, തങ്കമണി എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികള്‍ രാവിലെയും വൈകീട്ടും കിലോമീറ്ററുകള്‍ നടക്കേണ്ടി വരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്ന് ഒരു ബസ് ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. രാവിലെ എട്ടിന് തങ്കമണിയിലെത്തുന്ന ഈ ബസ് പോയിക്കഴിഞ്ഞാല്‍ പിന്നെ വൈകീട്ട് മാത്രമാണ് ബസുള്ളത്. ഇതു കഴിഞ്ഞാല്‍ ഉള്‍പ്രദേശത്ത് എത്തിപ്പെടാൻ ചെറുതോണിവഴി നടന്ന് പാണ്ടിപ്പാറകൂടി തങ്കമണിയിലെത്തണം. അല്ലെങ്കില്‍ തോപ്രാംകുടിയില്‍നിന്ന് ഇരട്ടയാര്‍വഴി ചുറ്റിക്കറങ്ങി തങ്കമണിയിലെത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ കാമാക്ഷി, വാത്തിക്കുടി പഞ്ചായത്ത് ഓഫിസുകള്‍, മുരിക്കാശ്ശേരി ആശുപത്രി, വില്ലേജ് ഓഫിസ്, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകാനും ജനം ബുദ്ധിമുട്ടുന്നു. യാത്രക്ലേശം പരിഹരിക്കാൻ കെ.എസ്‌ആര്‍.ടി.സി സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.