സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണമെനു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ മാറ്റത്തിന്റെ രുചിയേകാൻ സംസ്ഥാന സർക്കാർ ഭക്ഷണമെനുവിൽ വലിയ പരിഷ്‌കരണങ്ങളാണ് കൊണ്ടുവന്നത്.
പതിവ് സാമ്പാറും തോരനുമായി ഒതുങ്ങിയിരുന്ന മെനുവിലേക്ക് മുട്ട അവിയൽ, മുട്ട റോസ്റ്റ്, എഗ് ഫ്രൈഡ് റൈസ്, പെപ്പർ എഗ് റോസ്റ്റ് തുടങ്ങിയ വിഭവങ്ങൾ ചേർത്തിട്ടുണ്ട്. എന്നാൽ, പുതിയ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടും സർക്കാർ നൽകുന്ന തുകയിൽ മാറ്റമില്ലാത്തത് സ്കൂൾ അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.
പുതിയ മെനുവിലെ പ്രധാന വിഭവങ്ങൾ:
ആഴ്ചയിൽ ഒരിക്കൽ: വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും.
സൈഡ് ഡിഷ്: വെജിറ്റബിൾ കറി, കുറുമ, പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർന്ന ചമ്മന്തി.
പാചകത്തിനായി ഉപയോഗിക്കേണ്ടത്: ചീര, മുരിങ്ങ, ചക്കക്കുരു, വാഴക്കൂമ്പ് പോലുള്ള നാടൻ ഇനങ്ങൾ.
തുടരുമെന്നതിൽ: സാമ്പാർ, അവിയൽ, പരിപ്പ് കറി, പൈനാപ്പിൾ പുളിശ്ശേരി, പനീർ, വെണ്ടക്ക മപ്പാസ്, സോയ, ബീറ്റ്റൂട്ട്, വെള്ളരിക്ക.
പ്രത്യേക വിഭവങ്ങൾ: റാഗി ബോൾസ്, കൊഴുക്കട്ട, ഇലയട, അവിൽ, ചെറുധാന്യപായസം.
മാസത്തിൽ 1-2 തവണ മൈക്രോഗ്രീൻസും, പുഴുങ്ങിയ ചെറുധാന്യങ്ങളും.
പരിപാലന മാർഗനിർദേശം:
പുതിയ മെനു ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.
ഇത് സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം.
കുട്ടികളുടെ അഭിപ്രായങ്ങൾ രജിസ്റ്റർ ചെയ്യാൻ “രുചി രജിസ്റ്റർ” സ്‌കൂളിൽ സ്ഥാപിക്കണം.
മാതൃക മെനുവിൽ ‘വെജിറ്റബിൾ മോളി’ പ്രത്യേകമായും ഉൾപ്പെടുത്തി.
വിഭവങ്ങൾ വർധിപ്പിച്ചിട്ടും പൊതു ധനസഹായം കൂട്ടാത്തത്, മെനുവിൽ നൽകിയ വിഭവങ്ങൾ എങ്ങനെ നിർമിക്കും എന്ന ചോദ്യമുയർത്തിയിരിക്കുകയാണ് പ്രധാനമായും സ്കൂൾ അധികൃതർ.
മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനായി ചർച്ച നടത്തും. ഓണത്തിനുശേഷം നില വിലയിരുത്തിയശേഷം ചെലവു കൂട്ടുന്നത് പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.













































































