ആശുപത്രികളിലെ സുരക്ഷ; ജില്ലയിലെ പരിശോധന ജൂണ്‍ 12 നകം പൂര്‍ത്തിയാക്കും
ഇടുക്കി മെഡിക്കല്‍ കോളേജ് അടക്കം ജില്ലയിലെ പ്രധാനപ്പെട്ട ആറ് ആശുപത്രികളില്‍ ജൂണ്‍ 12 നകം സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കും. ജില്ലാ ഭരണകൂടം, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന ആരോഗ്യസ്ഥാപനങ്ങളിലെ സുരക്ഷാ ഓഡിറ്റുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, ഡി വൈ എസ് പി മാര്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഇടുക്കി മെഡിക്കല്‍ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി, നെടുങ്കണ്ടം, അടിമാലി, പീരുമേട്, കട്ടപ്പന താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളാണ് വിലയിരുത്തിയത്. ആശുപത്രികളിലെ സിസിടിവി സംവിധാനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം, ചുറ്റുമതില്‍, പ്രവേശന കവാടങ്ങള്‍, പോലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ നിലവിലെ സ്ഥിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ജൂണ്‍ 12 നും അടിമാലി, നെടുങ്കണ്ടം, പീരുമേട്, കട്ടപ്പന താലൂക്ക് ആശുപത്രികളില്‍ 8, 9 തീയതികളിലും പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യു വിഭാഗം എന്നിവയുടെ സംയുക്ത പരിശോധന നടക്കും. തുടര്‍ന്ന് 15 ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിസിടിവികളുടെ എണ്ണം വര്‍ധിപ്പിക്കുക, അവയുടെ ബാക്ക് അപ്പ് കാലാധി നീട്ടുക, പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, ചുറ്റുമതില്‍ ഇല്ലാത്തയിടങ്ങളില്‍ ചുറ്റുമതില്‍ കെട്ടി ആശുപത്രികളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ പരിമിതപ്പെടുത്തുക, പരമാവധി വിമുക്ത ഭടന്മാരെ തന്നെ സുരക്ഷാചുമതലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ജില്ലാ കളക്ടര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കി.
ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ഡിഎംഒ ഡോ. മനോജ് എല്‍, ഡി പി എം ഡോ. അനൂപ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, ഡിവൈഎസ്പിമാരായ ബിനു ശ്രീധര്‍, കുര്യാക്കോസ് ജെ, എം ആര്‍ മധു ബാബു, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.