കരിഞ്ചന്തയില്‍ മദ്യം സുലഭം; 450 രൂപയുടെ ബോട്ടിലിന് 1200 വരെ
ഇടുക്കി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബാറുകളും വിദേശ മദ്യശാലകളും അടഞ്ഞ് കിടന്നതേടെ ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ വാറ്റ് ചാരയവും വ്യാജമദ്യവും വ്യാപകമാവുന്നു. ഹൈറേഞ്ച് മേഖലയെ കേന്ദ്രികരിച്ചാണ് ചാരായം വാറ്റുന്ന സംഘങ്ങള്‍ വ്യാപകമായിരിക്കുന്നത്. വ്യാജ വാറ്റ് സംഘങ്ങള്‍ സജീവമാകുന്നതോടൊപ്പം മദ്യം കരിഞ്ചന്തയിലും വലിയ വിലയില്‍ വില്‍ക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നു. 450 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കുപ്പി മദ്യത്തിന് ഇപ്പോള്‍ 1200 രൂപ വരെയാണ് ഈടാക്കുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെ ഇത്തരത്തില്‍ മദ്യം കടത്തുന്നവരുണ്ട്. ഇവര്‍ക്ക് ലോക്ക് ഡൗണ്‍ ചാകരയാണ്. ഇത്തരത്തില്‍ എത്തുന്ന മദ്യത്തിന്റെ ഗുണമേന്മയും സംശയാസ്പദമാണ്. ലോക്ക് ഡൗണില്‍ മദ്യ ദുരന്തമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍
പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തില്‍ പരിശോധന കടുപ്പിചിട്ടുണ്ട്. അതിര്‍ത്തി മേഖലകളില്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത് കഴിഞ്ഞ ദിവസം കേരളാ തമിഴ്‌നാട് എക്‌സൈസ്, വനം, പോലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തകിയിരുന്നു.
ഉടുമ്പന്‍ചോല എക്സൈസ് റേഞ്ചില്‍ നിന്നും പത്ത് ദിവസത്തിനിടെ അഞ്ച് കേസുകളിലായി കണ്ടെത്തിയത് 1200 ലിറ്ററോളം കോടയും പത്ത് ലിറ്റര്‍ ചാരായവുമാണ്. ചാരായം നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പടെയാണ് എക്സൈസ് സംഘം പിടിചെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കോവിഡ് കാലത്ത് ജില്ലയില്‍ എക്സൈസ് പിടികൂടിയ കേസുകളില്‍ വര്‍ധനവുണ്ടായിരുന്നു. കഞ്ചാവ്-ലഹരിമരുന്ന് കേസുകള്‍ നാമമാത്രമായി ചുരുങ്ങിയെങ്കിലും അബ്കാരി കേസുകളില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായത്.
വാഹന ഗതാഗതം കുറഞ്ഞതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത സ്പിരിറ്റിന്റെയും മദ്യത്തിന്റെയും വരവ് കുറഞ്ഞതായാണ് എക്സൈസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യം മുതലാക്കിയാണ് ഹൈറേഞ്ചിലെ ചാരായം വാറ്റ് സംഘങ്ങള്‍ വീണ്ടും സജീവമായിരിക്കുന്നത്. ഇത്തരക്കാതെ കുടുക്കാന്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
വാറ്റ് കേന്ദ്രങ്ങളില്‍ എക്സൈസ് സംഘം ഓടി നടന്ന് പരിശോധന നടത്തുന്നുണ്ടെങ്കിലും, കേസുകളില്‍ പലതിലും പ്രതികളെ കണ്ടെത്താനാവുന്നില്ല എന്നതാണ് പോരായ്മ. ചില കേസുകളില്‍ കോവിഡ് പ്രോട്ടോക്കോളിന്റെ മറവില്‍ പ്രതികളെ അറസ്റ്റ് ചെയ്യാതെ രക്ഷപെടാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പ്രതികളെ ഒഴിവാക്കുന്നതിനായി ഹൈറേഞ്ചിലെ ചില എക്സൈസ് ഉദ്യോഗസ്ഥര്‍ പാരിതോഷികങ്ങള്‍ കൈപ്പറ്റുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് എക്സൈസ് പിടികൂടിയ 70 ശതമാനം കേസുകളിലൂം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇത്തരത്തില്‍ പിടികിട്ടാത്ത പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലാ എക്സൈസിന്റെയും, എക്സൈസ് ഇന്റലിജന്‍സിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളും രൂപവത്കരിച്ചിരുന്നു. എന്നാല്‍ ചുരുക്കം കേസുകളിലെ പ്രതികളെ മാത്രമാണ് എക്സൈസിന് കണ്ടെത്താനായതും.