ക്ഷയരോഗ നിവാരണ ജനസമ്പർക്കയാത്ര തോട്ടം മേഖലകളിൽ നടന്നു


വണ്ടിപ്പെരിയാർ, വണ്ടൻമേട്, കുമളി തുടങ്ങിയ തോട്ടം മേഖലകളിൽ ക്ഷയരോഗ നിവാരണ ജില്ലാതല ജനസമ്പർക്കയാത്ര സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി തൊഴിലാളികൾക്കായി ക്ഷയരോഗ ബോധവത്കരണവും സ്ക്രീനിങ് ക്യാമ്പും നടന്നു. രോഗലക്ഷണമുള്ളവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചു.
ആരോഗ്യവകുപ്പിന്റെ രോഗനിവാരണ വിഭാഗം ജീവനക്കാർ, വണ്ടൻമേട്-വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ പൊതുജന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, പുറ്റടി ഹോളിക്രോസ് കോളേജിലെ എൻ.എസ്.എസ്. വൊളണ്ടിയർമാർ, അധ്യാപകർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
വണ്ടൻമേട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഹോളിക്രോസ് കോളേജ് മാനേജർ എം.കെ. സ്കറിയ നിർവഹിച്ചു. യാത്രയ്ക്ക് വണ്ടൻമേട് എസ്.ഐ. ബിനോയ് ഫ്ലാഗ്‌ഓഫ് നിർവഹിച്ചു. തുടർന്ന്, വൈകീട്ട് വണ്ടിപ്പെരിയാർ ടൗണിൽ ആരോഗ്യ വിഭാഗം അധികൃതരുടെ ബോധവത്കരണവും ഹോളിക്രോസ് കോളേജിലെ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി.
ജില്ലാ ടി.ബി. ഓഫീസർ ഡോ. ആശിഷ് മോഹൻകുമാർ, ഡോ. അയ്യപ്പദാസ്, വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ അനിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ബോബി ഇ. ചെറിയാൻ, ഹോളിക്രോസ് കോളേജ് വൈസ് പ്രിൻസിപ്പൽ എൻ.വി. മെൽവിൻ, എൻ.എസ്.എസ്. കോഓർഡിനേറ്റർ കിരൺ സി.കെ., അധ്യാപകരായ ബിബിൻ കെ. രാജു, ടി. സെബാസ്റ്റ്യൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.