ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 35 പൈസയ്ക്ക് 10 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുമായി ഐആർസിടിസി
ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും യാത്രകൾക്കായി തീവണ്ടിയെ ആശ്രയിക്കുന്നത്. ദീർഘദൂര യാത്രകൾക്കുള്ള താരതമ്യേന ചെലവ് കുറഞ്ഞ മാർഗം കൂടിയാണിത്. എന്നാൽ നിരവധിപേരുടെ മരണത്തിനിടയാക്കിയ ഒഡിഷയിലെ തീവണ്ടി അപകടം യാത്രക്കാരുടെ സുരക്ഷയുടെയും സാമ്പത്തിക സംരക്ഷണത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. സമീപകാല ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് പരിരക്ഷ നൽകാനുള്ള ഐആർസിടിസിയുടെ നയവും ശ്രദ്ധ നേടുകയാണ്.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ഓൺലൈൻ പോർട്ടൽ മുഖേന ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് ഒരു ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് പോളിസി നൽകുന്നു. ഐആർസിടിസിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷേൻ മുഖേനയോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. ഐആർസിടിസിയുടെ ട്രാവൽ ഇൻഷുറൻസിനെപ്പറ്റി വിശദമായി അറിയാം.
പോളിസിക്ക് കീഴിലുള്ള കവർ എങ്ങനെ തിരഞ്ഞെടുക്കാം?
ഐആർസിടിസി വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷേൻ മുഖേനയോ ഒരു ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, ഒരു ഉപയോക്താവിന് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ഉണ്ട്, ഒരു യാത്രക്കാരന് 0.35 പൈസയ്ക്ക് ഇൻഷ്വർ ചെയ്യേണ്ടതുണ്ട്. 35 പൈസയ്ക്ക് പത്ത് ലക്ഷത്തിന്റെെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇത് വഴി യാത്രയ്ക്കിടെയുള്ള കവർച്ച, ട്രെയിൻ അപകടത്തിൽപെട്ട് മരിരണം, പരിക്കേൽക്കൽ പോലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നിന്നുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഓർക്കുക, പോളിസി ഓപ്ഷണൽ ആണെന്നും റിസർവേഷൻ നടത്തിയതിന് ശേഷം ഒരു യാത്രക്കാരന് അത് തിരഞ്ഞെടുക്കാനാകില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്.
ഇൻഷുറൻസ് പോളിസി ആനൂകൂല്യങ്ങൾ:
യാത്രയ്ക്കിടെ ഒരു യാത്രക്കാരന് ട്രെയിൻ അപകടത്തിൽ മരണം സംഭവിച്ചാലും സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാലും, ഇൻഷ്വർ ചെയ്ത തുകയുടെ 100 ശതമാനം അവകാശികൾക്ക് നൽകും. പോളിസി അനുസരിച്ച്, ഇത്തരം സാഹചര്യങ്ങളിൽ 10,00,000 രൂപ നൽകും.സ്ഥിരമായ ഭാഗിക വൈകല്യം സംഭവിച്ചാൽ യാത്രക്കാരന് നഷ്ടപരിഹാരമായി 7.50 ലക്ഷം രൂപയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേറ്റാൽ 2 ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകൾ ഇൻഷൂറനസ് വഴി ലഭിക്കും. മൃതദേഹങ്ങൾ എത്തിക്കുന്നതിന് 10,000 രൂപയുടെ ധനസഹായവും നൽകും.
പോളിസി എങ്ങനെ ക്ലെയിം ചെയ്യാം?
ഇൻഷ്വർ ചെയ്ത യാത്രക്കാരനോ അവരുടെ നിയമപരമായ അവകാശിയോ പോളിസിക്ക് കീഴിൽ ലഭ്യമായ ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സംഭവം നടന്ന് നാല് മാസത്തിനുള്ളിൽ ക്ലെയിമിനായുള്ള ഫോം അടക്കമുള്ള വിശദമായ വിവരങ്ങൾ നൽകേണ്ടതാണ്