കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന ആക്രമണം

കോട്ടപ്പടി, വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം പുലർച്ചെ ഒരു മണിയോടെയാണ് ഉണ്ടായത്.
വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.
വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.
ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.









































































































































