കുട്ടികളെ തേടി കുടികളിലേക്ക്..; സ്റ്റെപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി
കട്ടപ്പന ബി.ആര്‍.സിയില്‍ സ്റ്റെപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ തേടി കുടികളിലേക്കുള്ള യാത്രയ്ക്ക് തുടക്കമായി. കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി ഐസക് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.
പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിച്ച് പ്ലസ് വണ്ണിന് പ്രവേശനം എടുക്കാതെ കുടികളില്‍ തുടരുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ പ്രവേശനം എടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് സഹായിക്കുകയും ഭാവിയിലേക്ക് അവർക്ക് കൈത്താങ്ങാവുക എന്നീ ലക്ഷ്യങ്ങളോടെയുമാണ് സ്റ്റെപ്പ് പദ്ധതി നടപ്പിലാക്കുന്നത്. വരുന്ന നാല് ദിവസങ്ങളിലായി വാത്തിക്കുടി, പുളിയന്‍മല, ചക്കുപള്ളം, അഞ്ചുരുളി, കോടാലിപ്പാറ എന്നിവിടങ്ങളില്‍ ക്ലസ്റ്റര്‍ റിസോഴ്സ് കോ ഓഡിനേറ്റര്‍മാരുടെ സംഘം സന്ദര്‍ശനം നടത്തുകയും ബാക്കിയുള്ളവര്‍ വിവിധ സ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.
ബി ആര്‍ സി പരിശീലകൻ ഡോ. ഫൈസല്‍ എ എം, ഗവ ട്രൈബല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധ്യാപിക ശ്രീജ സി. എല്‍, ക്ലസ്റ്റര്‍ റിസോഴ്സ് കോ ഓഡിനേറ്റര്‍മാരായ വിനീത് പി എസ്, അജിത് മോഹന്‍ദാസ് , സിജി തോമസ് , മഞ്ജു പി പി, ഓഫിസ് സ്റ്റാഫ് അശോക് വി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.