‘അശ്ലീലവും അക്രമവും’; അമേരിക്കൻ സംസ്ഥാനത്തെ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കി


അമേരിക്കൻ സംസ്ഥാനമായ യൂടായിലെ എലമെൻ്ററി, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കി. അശ്ലീലവും അക്രമവും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കുട്ടികൾക്ക് വായിക്കാൻ അനുയോജ്യമല്ലാത്ത ഭാഗങ്ങൾ കിംഗ് ജെയിംസ് ബൈബിളിൽ ഉണ്ടെന്ന് കാട്ടി ഒരു രക്ഷിതാവ് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം.
അശ്ലീല, ലൈംഗിക ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുമ്മ പുസ്തകങ്ങൾ സ്കൂളുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന നിയമം 2022ൽ യൂടാ പാസാക്കിയതാണ്. ലൈംഗിക ചായ്വും (sexual orientation) ലൈംഗിക സ്വത്വവും (sexual identity) ഉൾക്കൊള്ളുന്ന പുസ്തകങ്ങളൊക്കെ ഇങ്ങനെ നീക്കം ചെയ്തിരുന്നു. സ്കൂളുകളിൽ നിന്ന് ബൈബിളിൻ്റെ കോപ്പികൾ നീക്കിക്കൊണ്ടിരിക്കുകയാണ്.
എൽജിബിടി സമൂഹത്തിൻ്റെ അവകാശങ്ങളും വംശീയ അടയാളങ്ങളുമടങ്ങുന്ന വിവാദ വിഷയങ്ങൾ സ്കൂളുകളിൽ നീക്കം ചെയ്യാൻ അമേരിക്കൻ യാഥാസ്ഥിതികർ ശ്രമിക്കുന്നതിനിടെയാണ് ബൈബിൾ നിരോധനം.