എസ്.ടി പ്രൊമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു


പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനും സേവനസന്നദ്ധതയുള്ളവരും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് 8-ാം ക്ലാസ്സ് യോഗ്യത മതിയാകും. മുന്‍വിജ്ഞാപനത്തിലെ പ്രായ പരിധി 20 നും 35 നും മധ്യേ ആയിരുന്നത് 20 നും 40 നും മധ്യേയായി ഉയര്‍ത്തിയിട്ടുണ്ട്. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവരില്‍ നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിക മാതൃകയിലുള്ള അപേക്ഷയില്‍ അപേക്ഷകരുടെ താമസ പരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തെരഞ്ഞെടുത്ത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 20 ന് വൈകുന്നേരം 5. നിയമന കാലാവധി രണ്ട് വര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിലോ ബന്ധപ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13,500 രൂപ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864-224399