കോഴിക്കോട് 72 കുപ്പി വിദേശ മദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ


കോഴിക്കോട് താമരശ്ശേരിയിൽ വൻ വിദേശ മദ്യ വേട്ട. 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേരെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പുതുപ്പാടി കാക്കവയൽ പനച്ചിക്കൽ സ്വദേശികളായ വയലപ്പിള്ളിൽ തോമസ്, കാരക്കുഴിയിൽ ഷീബ എന്നിവരാണ് പിടിയിലായത്. വിദേശ മദ്യം കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്‌സൈസ് സർക്കിളും സംഘവും നടത്തിയ നീക്കത്തിലാണ് 72 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ എൽ 57 ബി 2599 നമ്പർ കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വാവാട് വെച്ച് കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വിദേശ മദ്യം കണ്ടെത്തിയത്. കോഴിക്കോട് ഭാഗത്തെ ബിവറേജ് ഷോപ്പുകളിൽ നിന്ന് വൻ തോതിൽ വിദേശ മദ്യം വാങ്ങി പുതുപ്പാടി, കട്ടിപ്പാറ മേഖലകളിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ, ആരിഫ്, കെ പി ഷിംല എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.